മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്സ്. 2011ല്‍ ബാങ്കോക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുഡ്വില്‍ സിനിമാനിര്‍മാണരംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് കസബ, ആന്‍മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ ഗുഡ്വില്ലില്‍ നിന്ന് പുറത്തുവന്നു. ഓണം റിലീസായി തിയേറ്ററുകളിലെത്തി ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന കിഷ്‌കിന്ധാ കാണ്ഡത്തിന്റെ നിര്‍മാണവും ഗുഡ്വില്‍ തന്നെയാണ്.
താന്‍ ആദ്യം നിര്‍മിക്കാന്‍ ഉദ്ദേശിച്ച് പിന്നീട് മിസ്സായിപ്പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ജോബി ജോര്‍ജ്. മമ്മൂട്ടി നായകനായി 2016ല്‍ പുറത്തിറങ്ങിയ വൈറ്റ് എന്ന ചിത്രം അത്തരത്തില്‍ ഒന്നായിരുന്നെന്ന് ജോബി പറഞ്ഞു. ആ സിനിമ ആദ്യം താന്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നെന്നും എന്നാല്‍ മമ്മൂട്ടി വേറെ ആരെയും പരിചയമുണ്ടോ എന്ന് ചോദിച്ചെന്നും ജോബി കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍ പ്രധാന ലൊക്കേഷനാകുന്ന സിനിമയായിരുന്നു അതെന്നും അതുകൊണ്ട് ലണ്ടനിലെ പ്രൊഡക്ഷന്‍ കമ്പനികളെ താനാണ് പരിചയപ്പെടുത്തിയതെന്നും ജോബി ജോര്‍ജ് പറഞ്ഞു. താനാണ് ഇറോസ് ഇന്റര്‍നാഷണലിനെ ആ പ്രൊജക്ടിലേക്ക് കൊണ്ടുവന്നതെന്നും ആ സിനിമ അത്ര ഹിറ്റാകാതെ പോയെന്നും ജോബി കൂട്ടിച്ചേര്‍ത്തു. ചില സിനിമകള്‍ നമുക്ക് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദൈവമാണെന്നും ജോബി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് വേണ്ട സിനിമകള്‍ മാത്രമേ ദൈവം നമുക്ക് തരുള്ളൂ. അല്ലാത്തതൊന്നും നമ്മുടെ അടുത്തേക്ക് കൊണ്ടുവരില്ല. അത്തരത്തില്‍ ഒരുപാട് സിനിമയുണ്ട്. അതിലൊന്നാണ് മമ്മൂക്ക നായകനായ വൈറ്റ്. ആ സിനിമ ഷൂട്ട് ചെയ്തത് മുഴുവന്‍ ലണ്ടനിലായിരുന്നു. ആ സമയത്ത് ഞാനും മമ്മൂക്കയും നല്ല അടുപ്പത്തിലായിരുന്നു. ആ പടം ഞാന്‍ ചെയ്താലോ എന്നൊക്കെ ആലോചിച്ചിരുന്നു.
അപ്പോഴാണ് മമ്മൂക്ക എന്നോട് ‘ജോബി. നിന്റെ പരിചയത്തില്‍ ലണ്ടനിലുള്ള ആരെങ്കിലും ഉണ്ടോ, അവിടെയുള്ളവരെക്കൊണ്ട് ഈ സിനിമ ചെയ്യിക്കാം’ എന്ന് ചോദിച്ചു. അങ്ങനെ എന്റെ പരിചയത്തിലൂടെയാണ് ആ സിനിമ ഇറോസ് ഇന്റര്‍നാഷണല്‍ ഏറ്റെടുത്തത്. പക്ഷേ ആ പടം സാമ്പത്തികമായി വലിയ വിജയം നേടിയില്ല. അതാണ് പറഞ്ഞത്, ചില സിനിമകള്‍ നമ്മള്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്,’ ജോബി ജോര്‍ജ് പറയുന്നു.
Content Highlight: Joby George Thadathil saying that he planned to produce White movie