മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു, അസാധ്യമെന്നേ പറയാനുള്ളൂ: ജോബി ജോര്‍ജ് തടത്തില്‍
Entertainment
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു, അസാധ്യമെന്നേ പറയാനുള്ളൂ: ജോബി ജോര്‍ജ് തടത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th October 2024, 4:59 pm

സിനിമാലോകം ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മഹേഷ് നാരായണന്റെ പുതിയ ചിത്രം. ഒട്ടനവധി ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം ലഭിച്ച അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. മമ്മൂട്ടി നായകനാകുന്ന പേരിടാത്ത ചിത്രത്തിന്റെ കാസ്റ്റ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതിനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.

ഒപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലിയും കാസ്റ്റിലേക്ക് ചേരുമ്പോള്‍ മലയാളസിനിമ ഈയടുത്ത് കണ്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി ഇത് മാറുമെന്നതില്‍ സംശയം വേണ്ട. നേരത്തെ ആസിഫ് അലിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഫഹദിനെയായിരുന്നു. എന്നാല്‍ ഫഹദിന് ഡേറ്റ് ക്ലാഷ് മൂലം ഈ പ്രൊജക്ടിലേക്ക് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് ആസിഫ് ഈ ചിത്രത്തിലേക്ക് എത്തിയത്. ഈ പ്രൊജക്ടിനെപ്പറ്റി സംസാരിക്കുകയാണ് ഗുഡ്‌വില്‍ എന്റര്‍ടൈന്മെന്റ്‌സിന്റെ ഉടമ ജോബി ജോര്‍ജ് തടത്തില്‍.

താന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചെന്നും അസാധ്യ സിനിമയായി അത് മാറുമെന്ന് അപ്പോഴേ മനസിലായെന്നും ജോബി പറഞ്ഞു. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ആ പ്രൊജക്ടിന്റെ ഭാഗമാകുമ്പോള്‍ മികച്ചൊരു സിനിമ തന്നെയാകും അതെന്നും ജോബി കൂട്ടിച്ചേര്‍ത്തു. ആ സിനിമ ആദ്യം താന്‍ നിര്‍മിക്കാനിരുന്നതാണെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ജോബി പറഞ്ഞു. ഇപ്പോള്‍ അതിന്റെ നിര്‍മാണം മമ്മൂട്ടിക്കമ്പനി ഏറ്റെടുത്തെന്നും അതില്‍ തനിക്ക് വിഷമമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില സിനിമകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ട് നടക്കാതെ പോയിട്ടുണ്ട്. അതിലൊന്നാണ് മഹേഷ് നാരായണന്റെ പുതിയ സിനിമ. മമ്മൂട്ടിയും മോഹന്‍ലാലും കുറേക്കാലത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണത്. അതിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും ഞാന്‍ വായിച്ചു. അസാധ്യ സിനിമയായിട്ട് അത് മാറും. മലയാളസിനിമയിലെ ബെഞ്ച്മാര്‍ക്കായി ആ പടം വരും. മമ്മൂട്ടിക്കമ്പനിയാണ് ഇപ്പോള്‍ അത് നിര്‍മിക്കുന്നത്. ആദ്യം ഞാന്‍ നിര്‍മിക്കാനായിരുന്നു പ്ലാന്‍. പക്ഷേ, ദൈവത്തിന് ചില പ്ലാനുണ്ടല്ലോ. അതുപോലെയല്ലേ നടക്കുള്ളൂ,’ ജോബി ജോര്‍ജ് പറഞ്ഞു.

അതേസമയം ജോബി ജോര്‍ജ് നിര്‍മിച്ച കിഷ്‌കിന്ധാ കാണ്ഡം റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഓണം റിലീസായെത്തിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 75 കോടിയോളം കിഷ്‌കിന്ധാ കാണ്ഡം നേടിക്കഴിഞ്ഞു.

Content Highlight: Joby George Thadathil about untitled movie directed by Mahesh Narayanan