Entertainment
അത്രയും വലിയ നടിയായ മഞ്ജു വാര്യര്‍ ഉണ്ടായിട്ടും അന്ന് ആ പടം ഓടിയില്ല: ജോബി ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 06:45 am
Thursday, 30th January 2025, 12:15 pm

റോജിന്‍ തോമസ് സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോ ആന്‍ഡ് ദി ബോയ്. മഞ്ജു വാര്യര്‍ നായികയായി എത്തിയ സിനിമയില്‍ സനൂപ് സന്തോഷും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ചിത്രം 2015 ഡിസംബര്‍ 24നായിരുന്നു റിലീസ് ചെയ്തത്.

എന്നാല്‍ സമ്മിശ്ര അവലോകനങ്ങള്‍ നേടിയ ജോ ആന്‍ഡ് ദി ബോയ് ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്.

പ്രൊഡ്യൂസറെ ബഹുമാനിക്കാന്‍ പഠിക്കുകയെന്നത് വളരെ വലിയ കാര്യമാണെന്നും പ്രൊഡ്യൂസര്‍ പറയുന്നതില്‍ ചില കാര്യങ്ങളൊക്കെ അംഗീകരിക്കാനുള്ള മാന്യതയുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

ജോ ആന്‍ഡ് ദി ബോയ്‌യില്‍ കുറച്ച് ക്രിസ്മസ് സീനുകള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് സിനിമ ക്രിസ്മസ് സീസണില്‍ ഇറക്കിയതെന്നും ജോബി ജോര്‍ജ് പറഞ്ഞു. എന്നാല്‍ താന്‍ അത് എതിര്‍ത്തിരുന്നെന്നും ഒടുവില്‍ മഞ്ജു വാര്യരെ പോലെ അത്രയും വലിയ നടി ഉണ്ടായിട്ട് പോലും ആ പടം ഓടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോബി ജോര്‍ജ്.

‘എന്തൊക്കെ പറഞ്ഞാലും പ്രൊഡ്യൂസറെ ബഹുമാനിക്കാന്‍ പഠിക്കുക എന്നത് വളരെ വലിയ കാര്യം തന്നെയാണ്. പ്രൊഡ്യൂസര്‍ പറയുന്നതില്‍ ചില കാര്യങ്ങളൊക്കെ അംഗീകരിക്കാനുള്ള മാന്യതയുണ്ടാകണം. അതിന് ഞാന്‍ ഒരു ഉദാഹരണം പറയാം.

ഞാന്‍ ഒരിക്കല്‍ ഒരു ഹിറ്റ് ഡയറക്ടറുടെ സിനിമ ഇറക്കുകയുണ്ടായി. ആ സിനിമയിലെ നടി ഏറ്റവും നന്നായി കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. അതില്‍ കുറച്ച് ക്രിസ്മസ് സീനുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമ ക്രിസ്മസ് സീസണില്‍ ഇറക്കണമെന്ന് പറഞ്ഞ് വെക്കേഷന്‍ ടൈമിലാണ് റിലീസാകുന്നത്.

ഞാന്‍ അന്ന് ആ ഡയറക്ടറോട് ‘ദയവായി അത് കട്ട് ചെയ്യൂ. ചില പ്രശ്‌നങ്ങളുണ്ട്’ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെ അവര്‍ ആ സിനിമ ക്രിസ്മസില്‍ തന്നെ പുറത്തിറക്കി. അത്രയും വലിയ നടി ഉണ്ടായിട്ട് പോലും ആ പടം ഓടിയില്ല.

അത്രയും വലിയ ആ നടിയുള്ളത് കൊണ്ട് ഓടേണ്ട സിനിമയായിരുന്നു അത്. ജോ ആന്‍ഡ് ദി ബോയ് എന്നാണ് ആ സിനിമയുടെ പേര്. അതിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. മഞ്ജു വാര്യര്‍ ആയിരുന്നു ആ സിനിമയില്‍ നായികയായത്. മഞ്ജു കത്തി നില്‍ക്കുന്ന സമയമായിരുന്നു,’ ജോബി ജോര്‍ജ് പറഞ്ഞു.

Content Highlight: Joby George Talks About Manju Warrier’s Jo And The Boy Movie