| Thursday, 31st October 2024, 3:05 pm

ആ സിനിമയില്‍ മമ്മൂക്കയുടെ കോസ്റ്റ്യൂം വെള്ളയും വെള്ളയുമായിരുന്നു, പുള്ളി പറഞ്ഞിട്ടാണ് അത് കറുപ്പാക്കിയത്: ജോബി ജോര്‍ജ് തടത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്സ്. 2011ല്‍ ബാങ്കോക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുഡ്‌വില്‍ സിനിമാനിര്‍മാണരംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് കസബ, ആന്‍മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ ഗുഡ്വില്ലില്‍ നിന്ന് പുറത്തുവന്നു. ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ നിര്‍മാണവും ഗുഡ്‌വില്‍ തന്നെയാണ്.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്കും അപ്പിയറന്‍സും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വണ്ടിയായി പലരും ബെന്‍സ് മതിയെന്ന് പറഞ്ഞപ്പോള്‍ താന്‍ ഇടപെട്ടാണ് അത് റോള്‍സ് റോയിസ് ആക്കിയതെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

മമ്മൂട്ടി എന്ന നടന് വേണ്ടി മാത്രമാണ് താന്‍ ആ കാര്യം ചെയ്തതെന്ന് ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മമ്മൂട്ടിയെ ആദ്യം വൈറ്റ് ആന്‍ഡ് വൈറ്റ് വേഷത്തില്‍ അവതരിപ്പിക്കാനാണ് ആലോചിച്ചതെന്നും ആ സയമത്ത് മമ്മൂട്ടി ഒരു യാത്രയിലായിരുന്നെന്നും ജോബി ജോര്‍ജ് പറഞ്ഞു. യാത്ര കഴിഞ്ഞെത്തിയ മമ്മൂട്ടി അത് കേട്ട ഉടനെ പറ്റില്ല എന്ന് പറഞ്ഞെന്നും കറുത്ത ഡ്രസ്സാണ് നല്ലതെന്ന് പറയുകയും ചെയ്‌തെന്ന് ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റ നിര്‍ദേശങ്ങള്‍ ഒരിക്കലും തെറ്റില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ആ ചിത്രം തിയേറ്ററില്‍ വിജയമായെന്നും ജോബി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷൈലോക്ക് എന്ന സിനിമയുടെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മമ്മൂക്കക്ക് മാത്രമാണ്. ആ സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ അത് മമ്മൂക്കയെ വെച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിന്റെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്ത് മമ്മൂക്കയുടെ ക്യാരക്ടറിന് ഏത് വണ്ടിയാണെന്നുള്ള ചോദ്യം വന്നു. പലരും ബെന്‍സ് മതി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത് പറ്റില്ല എന്ന് പറഞ്ഞു. ആ ക്യാരക്ടറിന് വേണ്ടി എന്റെ റോള്‍സ് റോയിസ് വിട്ടുകൊടുത്തു. അതും മമ്മൂക്ക എന്ന ഒറ്റക്കാരണം കൊണ്ടാണ്.

അതുപോലെ മമ്മൂക്ക എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍ ഞാന്‍ അതുപോലെ ചെയ്യും. ആ പടത്തില്‍ മമ്മൂക്കയുടെ ബോസ് എന്ന ക്യാരക്ടറിന് ആദ്യം കൊടുക്കാന്‍ വെച്ചിരുന്ന കോസ്റ്റ്യൂം വൈറ്റ് ആന്‍ഡ് വൈറ്റായിരുന്നു. പുള്ളി ഷൂട്ടിന് വന്നപ്പോള്‍ വൈറ്റ് വേണ്ട, കറുപ്പ് മതി എന്ന് പറഞ്ഞു. അതുപോലെ ചെയ്തു. തിയേറ്ററില്‍ ആ പടം വിചാരിച്ചതിലും വലിയ ഹിറ്റായി,’ ജോബി ജോര്‍ജ് പറയുന്നു.

Content Highlight: Joby George shares the shooting experience of Shylock movie

We use cookies to give you the best possible experience. Learn more