| Sunday, 28th February 2021, 10:59 am

'ജോലി ചോദിച്ചാല്‍ ലോക്കപ്പ് തരും'; എന്തുതരം സര്‍ക്കാരാണിത്; പരിഹസിച്ചും പഠിപ്പിച്ചും പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയത്. തൊഴില്‍രഹിതരായവരോടുള്ള സര്‍ക്കാരിന്റെ സമീപനത്തെ അവര്‍ പരിഹസിക്കുകയും ചെയ്തു.

ചെറുപ്പക്കാര്‍ ജോലിയെക്കുറിച്ച് സംസാരിച്ചാല്‍ സര്‍ക്കാര്‍ അവരെ ജയിലില്‍ അടക്കും. എന്തുതരം സര്‍ക്കാരാണിതെന്നാണ് പ്രിയങ്ക പരിഹസിച്ചുകൊണ്ട് ചോദിച്ചത്.

യുവാക്കള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും. അവര്‍ പറയുന്നത് കേള്‍ക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിന് പിന്നാലെയാണ് ട്വിറ്ററില്‍ തൊഴിലില്ലായ്മ ട്രെന്‍ഡിങ്ങ് ആകുന്നത്.
കൂടുതലും വിദ്യാര്‍ത്ഥികളാണ് വര്‍ദ്ധിക്കുന്ന തൊഴില്‍ ഇല്ലായ്മയില്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ വലിയ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ നേടിയിട്ടും തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

മോദിയുടെ വാചകമടി കൊണ്ട് മാത്രം കാര്യമില്ല തങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ നടക്കുന്ന ക്യാമ്പയിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ എന്നാണ് രാഹുല്‍ പറഞ്ഞത്.

റെയില്‍വേ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വ്വീസിലേക്ക് ആളുകളെ എടുക്കാന്‍ വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ പറഞ്ഞ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നും ഒരുപാട് പേര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

സ്വകാര്യവത്കരണത്തിലൂടെ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് എന്ന വിമര്‍ശനവും വലിയ തോതില്‍ ഉയരുന്നുണ്ട്.

നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ ഭാ?ഗമായി റെയില്‍വെയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: #Jobkibaat: Priyanka Gandhi Criticises Modi Government Over unemployment

We use cookies to give you the best possible experience. Learn more