| Thursday, 17th October 2019, 1:38 pm

സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് അവനെ സ്വാധീനിച്ചത് എന്ന് പറയുന്നില്ല: വിവാദത്തില്‍ മറുപടിയുമായി നിര്‍മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷെയ്ന്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും നിര്‍മാതാവ് ജോബി ജോര്‍ജ്. ആരേയും മനപൂര്‍വം തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സിനിമയുടെ ഡേറ്റ് ഷെയ്ന്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും ജോര്‍ജ് ജോണ്‍ പറഞ്ഞു.

ആദ്യം 30 ലക്ഷം എന്ന് പറഞ്ഞു. പിന്നെ അത് 40 ലക്ഷമാക്കി. സിനിമ ഷൂട്ട് നിശ്ചയിച്ച ഡേറ്റ് കഴിഞ്ഞ് 25 ദിവസം കഴിഞ്ഞിട്ടും ഷൂട്ട് നടന്നില്ല. ആ സമയത്താണ് ഷെയ്‌നിനെ വെച്ച് എന്റെ തന്നെ ഒരു സുഹൃത്ത് അടുത്ത സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്ത കണ്ടത്.

ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു. ഞങ്ങളുടെ പടത്തിന്റെ താടി വെച്ച ഭാഗം തീര്‍ന്ന ശേഷം ആ പടത്തില്‍ അഭിനയിക്കാമെന്നും എന്റെ പടത്തില്‍ അഭിനയിച്ച ശേഷം മാത്രമേ താടിയും മുടിയും വെട്ടാവൂ എന്നും അന്ന് തീരുമാനമായി.

അതിന് ശേഷം അദ്ദേഹം ഞങ്ങളുടെ പടത്തില്‍ വന്ന് അഭിനയിച്ചു. ഇതിനിടെ മറ്റേ പടവും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ ഈ മാസം 15 ന്
സിനിമ ഷൂട്ടിങ്ങിന് എത്താമെന്ന് പറഞ്ഞു. 12 ാം തിയതി എനിക്ക് മെസ്സേജ് അയച്ചു, 25 ാം തിയതി തുടങ്ങാമെന്ന് പറഞ്ഞു. മോനെ നിന്റെ ഇഷ്ടം പക്ഷേ റിലീസ് ഡേറ്റ് പോകരുത് എന്ന് ഞാന്‍ പറഞ്ഞു. പല കമിറ്റ്‌മെന്റ്‌സും ഉള്ളതാണ്. വലിയ കോമ്പന്‍സേഷന്‍ കൊടുക്കേണ്ടി വരും.

25 ാം തിയതി ഷൂട്ട് ചെയ്യാമെന്നത് ഷെയിന്‍ അംഗീകരിച്ചതാണ്. തെളിവുകളുണ്ട്. ഷെയിനോട് ഇപ്പോഴും വൈരാഗ്യവുമില്ല. അവനെ നിയന്ത്രിക്കുന്ന സാധനം കൂടിപ്പോയതുകൊണ്ടായിരിക്കാം. അവന്‍ ഇന്നലെ പത്രക്കാരോട് പറഞ്ഞു. ഉറങ്ങിപ്പോയതുകൊണ്ടാണ് മുടിവെട്ടിയത് അറിയാത്തതെന്ന്.

സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് അവനെ സ്വാധീനിച്ചത് എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്കും മക്കളുണ്ട്. അവരും വലുതാകുമ്പോള്‍ ഇവനെപ്പോലെ ആയിപ്പോയാല്‍ എന്ത് ചെയ്യും. എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങനെ ആയിപ്പോകാഞ്ഞത്.

എന്റെ സഹ പ്രൊഡ്യൂസര്‍ ആണ് മുടിവെട്ടിയ ഇവന്റെ ഫോട്ടോ അയച്ചു തന്നത്. ഈ ഫോട്ടോ കണ്ടപ്പോള്‍ ഇവരോട് പറഞ്ഞു ഷെയിന്റെ വീട്ടില്‍ പോയി സംസാരിക്കണമെന്ന്. ഞാന്‍ ഇവനെ വിളിച്ചെങ്കിലും അവന്‍ ഫോണ്‍ എടുത്തില്ല.

പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഇവനെ വിളിച്ച് ഫോണ്‍ എടുക്കുന്നില്ല. ഡയരക്ടറെ വിളിക്കുമ്പോള്‍ ഡയരക്ടര്‍ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതോടെയാണ് ഷെയ്‌ന് മെസ്സേജ് അയച്ചത്. എന്നാല്‍ എനിക്ക് അവന്‍ തന്നെ മറുപടി

‘ജോബി ചേട്ടാ എനിക്ക് അസുഖമാണെന്നും ഡോക്ടറെ കാണണമെന്നും അത് കഴിഞ്ഞിട്ടേ ഇനി ഞാന്‍ വരൂ’ എന്നുമായിരുന്നു. അതേ സമയം ഇവനെ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇടപ്പള്ളിയിലുണ്ട്. ജോബി ചേട്ടനെ നിങ്ങള്‍ ഒന്ന് സമാധാനിപ്പിക്ക് എ്ന്നാണ് ഇവന്‍ പറയുന്നത്.

30 ലക്ഷം രൂപ വാങ്ങിയിട്ട് എന്നോട് അവന്‍ നുണ പറഞ്ഞു. ഇതിന് ശേഷമാണ് എന്നെ പറ്റിച്ചിട്ട് കിടന്നുറങ്ങാമെന്ന് നീ കരുതേണ്ട എന്ന് ഞാന്‍ മെസ്സേജ് അയച്ചത്. അത് ഞാന്‍ പറഞ്ഞതാണ്. ഞാന്‍ കേസ് കൊടുക്കുമെന്ന് തന്നെയാണ് ഉദ്ദേശിച്ചത്. അതില്‍ അവനെ ചീത്ത വിളിക്കുകയോ കൊല്ലുമെന്ന് പറയുകയോ ചെയ്തിട്ടില്ല.

നാലഞ്ചര കോടി മുടക്കി വെള്ളത്തില്‍ നില്‍ക്കുന്ന ആള് പിന്നെ എന്തുചെയ്യണം. ആര് ഇടപെട്ടാലും എന്റെ പടം തീര്‍ന്നുകിട്ടണം. അസോസിയേഷന്‍ ചെയ്തുതരുമെന്ന് വിശ്വസിക്കുന്നു.- ജോബി ജോര്‍ജ് പറഞ്ഞു.

ഷെയ്‌ന് സ്വഭാവ ദൂഷ്യമുണ്ടെന്ന് താങ്കള്‍ പറയുന്നു. മൊത്തം എവിഡന്‍സ് ഉണ്ടെന്ന് പറയുന്നു. എന്താണ് എവിഡന്‍സ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവന് നന്നാവാന്‍ അവസരം ഉണ്ടാകുകയാണെങ്കില്‍ ഉണ്ടാകട്ടെ എന്നായിരുന്നു ജോബി ജോര്‍ജിന്റെ മറുപടി.

എനിക്ക് അവനെ കൂടുതല്‍ വിഷമിപ്പിക്കണമെന്നില്ല. ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരാള്‍ ഒരു സാധനം എടുത്തുകൊണ്ടുപോയാല്‍ എനിക്ക് അത് മനസിലാകും. മനസിലായില്ലെങ്കില്‍ എന്താണ് സ്ഥിതി. മുടിവെട്ടരുത് എന്ന് വ്യക്തിമായി എഴുതിക്കൊടുത്തിരിക്കുന്നു. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുടി വെട്ടി എന്ന് പറയുന്നത് എന്താണ്. ഇതാണോ വര്‍ക്കിനോടുള്ള ഡെഡിക്കേഷന്‍.

ഞാന്‍ നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയെഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം എന്റെ സിനിമ ചെയ്യണം. ഇതല്ലാതെ വേറെ ഡിമാന്‍ഡ് ഇല്ല. ഒരു സിനിമയിലും ഷെയ്‌ന് ഞാന്‍ കൊടുത്ത ഇത്രയും പണം കിട്ടിക്കാണില്ല.

ഇവിടെ നിയമവും പൊലീസും ഉണ്ട്. ഒക്ടോബര്‍ 16 ആയിരുന്നു റിലീസ് ഡേറ്റ്. അതിപ്പോള്‍ നവംബര്‍ 16 ആയി. ഒരു മാസം 16 ലക്ഷം വെച്ച് അഡീഷണല്‍ കോസ്റ്റ് വരുക എന്നത് വലിയ തുകയാണ്. ഇന്നത്തെ സാമ്പത്തിക ക്രൈസിസ് വെച്ച് ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ ആത്മഹത്യ ചെയ്യണോ. എന്നെ ചതിച്ചതാണ്. എന്റെ അനിയനായിരുന്നുവെങ്കില്‍ ഞാന്‍ ക്ഷമിക്കും. ദയവുചെയ്ത് സഹകരിക്കുക. ഇതൊന്ന് തീര്‍ക്കണം. ഇത് കലയല്ലേ.. ഇതല്ലാതെ വേറൊന്നും ഇല്ല.-ജോബി ജോര്‍ജ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more