കുല്‍ഭുഷന്റെ ഭാര്യയേയും അമ്മയേയും അപമാനിക്കാന്‍ പദ്ധതിയിട്ടത് പാക് സര്‍ക്കാര്‍ തന്നെ, ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദിയുമറിയിച്ചു; വെളിപ്പെടുത്തലുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍
India-Pak relation
കുല്‍ഭുഷന്റെ ഭാര്യയേയും അമ്മയേയും അപമാനിക്കാന്‍ പദ്ധതിയിട്ടത് പാക് സര്‍ക്കാര്‍ തന്നെ, ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദിയുമറിയിച്ചു; വെളിപ്പെടുത്തലുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2017, 6:15 pm

മുംബൈ: പാക് ജയിലിലുള്ള ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷന്‍ യാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച പാക് മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പാക് ഫോറിന്‍ ഓഫീസ്. പാകിസ്ഥാന്‍ പത്രമായ ഡോണിലെ മാധ്യമ പ്രവര്‍ത്തകനായ ഹസന്‍ സെയ്ദിയാണ് പാക് സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.

പാക് വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ കുല്‍ഭുഷന്റെ അമ്മയേയും ഭാര്യയേയും അപമാനിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പിന്നീട് അതിന് മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ജോലി നന്നായി പൂര്‍ത്തിയാക്കിയെന്നായിരുന്നു എം.ഒ.എഫ്.എയുടെ സന്ദേശമെന്നും ഹസന്‍ ബിലാല്‍ സെയ്ദി പറയുന്നു.

കുല്‍ഭുഷനെ കാണാന്‍ പാകിസ്ഥാനിലെത്തിയ ഭാര്യ ചേതനയേയും അമ്മ അവന്തിയേയും അധികൃതര്‍ മനപ്പുര്‍വ്വം കാറില്‍ നിന്നുമിറുങ്ങുന്നത് തടയുകയായിരുന്നുവെന്നും അതോടെ അവരെ മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താങ്കളുടെ ഭര്‍ത്താവ് ആയിരക്കണക്കിന് പാവങ്ങളുടെ രക്തം കൊണ്ട് ഹോളി കളിച്ചില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചേതനയോട് ചോദിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് മാധ്യമങ്ങളുടെ പെരുമാറ്റത്തിനെതിരെ പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ താഹ സിദ്ധീഖി, ബേനസീര്‍ ഷാ തുടങ്ങിയവരെല്ലാം തങ്ങളുടെ സഹപ്രവര്‍ത്തകരുടെ പെരുമാറത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനെതിരെ നേരത്തെ ഇന്ത്യയും രംഗത്തു വന്നിരുന്നു.