പട്ടികവര്‍ഗ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു ജോലി; പദ്ധതിക്ക് തുടക്കമിട്ട് സര്‍ക്കാര്‍
Tribal Issues
പട്ടികവര്‍ഗ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു ജോലി; പദ്ധതിക്ക് തുടക്കമിട്ട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 11:01 am

കൊച്ചി: പട്ടികവര്‍ഗ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പട്ടികവര്‍ഗ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് 2019-20 സാമ്പത്തിക വര്‍ഷം 2000 പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് വിദേശത്തുള്‍പ്പെടെ നൈപുണി വികസനത്തിന് ആരംഭം കുറിക്കുന്നതാണ് ‘ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതി’.

പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് പട്ടികവര്‍ഗ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്വകാര്യമേഖലയില്‍ അടക്കം തൊഴില്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊലീസിലും എക്‌സൈസിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളും നടത്തുകയും ചെയ്തിരുന്നു.

പട്ടികവര്‍ഗക്കാരുടെ സുസ്ഥിരവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതര സമൂഹത്തോടൊപ്പമെത്താന്‍ നല്ല വിദ്യാഭ്യാസവും അതിനനുസൃതമായ തൊഴിലും യാഥാര്‍ത്ഥ്യമാക്കിയാല്‍ മാത്രമേ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പദ്ധതിയുടെ ഭാഗമായി വനംവകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പുവരുത്തുന്നതിന് നൈപുണ്യ വികസന ഏജന്‍സിയായ കേരള അക്കാദമിക് പോസ്റ്റില്‍ ചേര്‍ന്നുകൊണ്ട് 26ലധികം നൈപുണ്യ പരിശീലനവും വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നൈപുണ്യ വികസന പരിപാടികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പരിശീലന ഏജന്‍സികളുമായുള്ള ധാരണാപത്രം കൈമാറിയിട്ടുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കിയ ആര്‍ക്ക് ആന്റ് ഗ്യാസ് വെല്‍ഡിംഗ് പരിശീലനം പൂര്‍ത്തിയാക്കി വിദേശത്ത് പ്ലേസ്‌മെന്റ് ലഭിച്ച ആദ്യ ബാച്ചിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് വിസയും മറ്റ് അനുബന്ധ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ട്.

പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനായി 2357 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി അടുത്തിടെ അറിയിച്ചത്. പരിശീലനം നേടിയ 234 പേര്‍ ജോലിക്കായി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഇക്കൊല്ലം തന്നെ ആയിരത്തിലധികം പേര്‍ക്ക് ഗള്‍ഫില്‍ തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇവര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫിലെ തൊഴില്‍ ദാതാക്കളുമായി മന്ത്രി ജൂലൈ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. ദുബൈയിലെ ഗ്രാന്റ് മില്ലേനിയം ഹോട്ടല്‍, അബുദാബി ഗ്രാന്‍ഡ് മില്ലനിയം ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു തൊഴില്‍ ദാതാക്കളായ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. അഡ്‌നോക്, സാബ്‌ടെക്, അല്‍ സൈദ, എസ്.ടി.എസ്, ഇറാം മാന്‍പവര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായായിരുന്നു ചര്‍ച്ച.

ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പൈപ്പ് ഫാബ്രിക്കേറ്റര്‍, ഫിറ്റര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, സ്‌റ്റോര്‍ കീപ്പര്‍, സഹായികള്‍, ക്വാണ്ടിറ്റി സര്‍വേയര്‍, എന്‍ഡിറ്റി ടെക്‌നീഷ്യന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്നാണ് അഡ്‌നോക് പ്രിതനിധി അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സെന്റര്‍ പ്രതിനിധികള്‍ 250 പേര്‍ക്ക് അടിയന്തരമായി തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാരെ വിദേശ ജോലിക്ക് എത്തിക്കുന്നതിനനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും.

അതിനിടെ, പട്ടികവര്‍ഗക്കാര്‍ക്ക് സംസ്ഥാനത്ത് ഏഴ് പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. എറണാകുളം നേര്യമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.