തൊഴിലില്ലായ്മ സൂറത്തിലെ വജ്രത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; 18 മാസത്തിനിടെ 71 ആത്മഹത്യകൾ
national news
തൊഴിലില്ലായ്മ സൂറത്തിലെ വജ്രത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; 18 മാസത്തിനിടെ 71 ആത്മഹത്യകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 9:13 am

സൂറത്ത്: തൊഴിലില്ലായ്മ സൂറത്തിലെ വജ്രതൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി റിപ്പോർട്ട്. 18 മാസത്തിനിടെ 71 ആത്മഹത്യകൾ ഉണ്ടായതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ഗുജറാത്തിലെ ഡയമണ്ട് സിറ്റിയിൽ ഡിമാൻഡിലെ ഇടിവ് കാരണം താനും നൂറുകണക്കിന് വജ്രത്തൊഴിലാളികളും ഉൾപ്പെടുന്ന ചെറുകിട-ഇടത്തരം ബിസിനസുകൾ അടച്ച് പൂട്ടിയതായി 43കാരനായ ദാഭി പറഞ്ഞു. വജ്രത്തൊഴിലാളിയായ ദാഭി 18 വർഷമായി സൂറത്തിലെ ബൈലെയ്‌നുകളിൽ ജോലി ചെയ്തിട്ടുണ്ട്. എന്നിട്ടും, അദ്ദേഹത്തിൻ്റെ ശമ്പളം പ്രതിദിനം 1,200-1,300 രൂപയിൽ നിന്ന് 600-700 രൂപയായി കുറഞ്ഞു.

മറ്റ് വഴികളൊന്നുമില്ലാതെ, ദമ്പതികൾ ഇപ്പോൾ കുടുംബം പുലർത്തുന്നതിനായി എല്ലാ ദിവസവും രാത്രി കാലങ്ങളിൽ നഗരത്തിൽ സൂപ്പ് വിൽക്കുകയാണ്. ഒരുകാലത്ത് തഴച്ചുവളരുന്ന വജ്ര ബിസിനസിന് പേരുകേട്ട സൂറത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക മാന്ദ്യത്തിലാണ്. അന്താരാഷ്‌ട്ര വിപണിയിൽ വജ്രത്തിനുള്ള ഡിമാൻഡ് കുറയുന്നത് സൂറത്തിലെ വ്യവസായത്തെ ബാധിച്ചു.

Diamond worker Rakeshbhai Dabhi with his wife at Ratnakalar stall on a street in Surat ; source the print

സൂറത്തിൽ കഴിഞ്ഞ 18 മാസത്തിനിടെ 71 വജ്രത്തൊഴിലാളികൾ ആത്മഹത്യ ചെയ്തുവെന്ന് ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് (DWUG) അറിയിച്ചു. ഇതിൽ 45 കേസുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും 31 എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയുമാണ് സൂറത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങൾ.

‘ഈ ആത്മഹത്യകൾ വർധിച്ചപ്പോൾ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഗുജറാത്ത് തൊഴിൽ മന്ത്രിക്ക് കത്തയച്ചു. എന്നാൽ സർക്കാർ അനങ്ങിയില്ല,’ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് വൈസ് പ്രസിഡൻ്റ് ഭവേഷ് ടാങ്ക് പറഞ്ഞു.

ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് പറയുന്നതനുസരിച്ച്, സൂറത്തിൽ 8-10 ലക്ഷം വജ്രത്തൊഴിലാളികളും ഗുജറാത്തിൽ മൊത്തത്തിൽ 25 ലക്ഷത്തോളം തൊഴിലാളികളുമുണ്ട്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ശമ്പളപ്പട്ടികയിൽ സ്ഥിരമോ രജിസ്റ്റർ ചെയ്തതോ ആയ ജീവനക്കാരല്ല.

ഈ മേഖലയിൽ മൂന്ന് വർഷമായി ജോലി ചെയ്തിരുന്ന വജ്രത്തൊഴിലാളിയായ നികുഞ്ച് ടാങ്ക് എന്ന 28 കാരനെ ഓഗസ്റ്റ് രണ്ടിന് സ്വന്തം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് വൃദ്ധരായ മാതാപിതാക്കളും ഭാര്യയും 15 മാസം പ്രായമുള്ള ഒരു മകളുമുണ്ട്.

മകന് നാല് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് പിതാവ് ജയന്തിഭായ് പറഞ്ഞു.

‘അവൻ്റെ മാസശമ്പളം വർധിപ്പിച്ചില്ല, അവസാനം വരെ 15,000 രൂപയായിരുന്നു അവന് ലഭിച്ചിരുന്നത്. എനിക്ക് അവന്റെ ലോണിനെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ അവൻ എത്രമാത്രം സമർദത്തിലാണെന്ന് എന്നോട് പറഞ്ഞില്ല.

അന്ന് ഞാൻ താഴെയും അവൻ മുകളിലെ നിലയിലെ അവൻ്റെ കിടപ്പുമുറിയിലും ആയിരുന്നു. ഏകദേശം 3.30-4 മണിയോടെ ഞാൻ അവന്റെ മുറിയിൽ ചെന്നപ്പോൾ, അവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. ഞങ്ങളുടെ കുടുംബത്തിൻ്റെ ഏക ആശ്രയം അവനായിരുന്നു,’ ജയന്തിഭായ് പറഞ്ഞു.

 

Content Highlight: Job losses, factory closures pushing Surat’s diamond workers to the edge. 71 suicides in 18 months