| Tuesday, 7th June 2022, 9:06 am

സി.പി.ഐ.എം നേതാക്കളുടെ പേരില്‍ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സി.പി.ഐ.എം നേതാക്കളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പരാതി. മലമ്പുഴ എം.എല്‍.എയായ എ. പ്രഭാകരനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായാണ് പരാതി.

പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍, കണ്ണൂര്‍ സ്വദേശി സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായാണ് എ. പ്രഭാകരന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

കേരള ബാങ്ക് ഡയറക്ടര്‍ കൂടിയായ എം.എല്‍.എ പ്രഭാകരന്റെയും സി.പി.ഐ.എം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി.

തട്ടിപ്പുകാര്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ സഹിതമാണ് മലമ്പുഴ എം.എല്‍.എ പരാതി നല്‍കിയിരിക്കുന്നത്.

”ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് തന്നാല്‍ മതി, ബാക്കി ജോലി കിട്ടിയിട്ട് കൊടുത്താല്‍ മതി എന്നാണ് പറയുന്നത്. എങ്ങനെ നിങ്ങള്‍ ഇത് ചെയ്യും, എന്ന് ഉദ്യോഗം ആവശ്യമുള്ളവര്‍ ഈ തട്ടിപ്പുകാരോട് ചോദിക്കുകയാണ്.

നിങ്ങള്‍ ജോലി കിട്ടിയിട്ട് ബാക്കി കൊടുത്താല്‍ മതി എന്നാണ് പറയുന്നത്. നിങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സ്വാഭാവികമായും ഒരു ഇന്റര്‍വ്യൂ നടത്തും. ആ ഇന്റര്‍വ്യൂ നടന്ന്, നിങ്ങള്‍ക്ക് ജോലി കിട്ടുമ്പോള്‍ ബാക്കി പണം തന്നാല്‍ മതി എന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമല്ലോ.

മാത്രമല്ല ഞാനിപ്പോള്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ ഒരു ഉദ്യോഗാര്‍ത്ഥി 75,000 രൂപ അയച്ചുകൊടുത്തതിന്റെ രേഖയും നല്‍കിയിട്ടുണ്ട്.

ഇനിയും ഒരാളും കുടുങ്ങാതിരിക്കാന്‍, പാവങ്ങള്‍ വഞ്ചിതരാകാതിരിക്കാന്‍ ഞാന്‍ പരാതി കൊടുക്കുകയാണുണ്ടായത്,” എ പ്രഭാകരന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.

എം.എല്‍.എയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള ബാങ്കില്‍ 2400ലധികം ക്ലര്‍ക്കുമാരുടെ തസ്തികയില്‍ ഒഴിവുണ്ട്. ഇതിലേക്ക് പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്.

എന്നാല്‍ കേരളാ ബാങ്ക് ഡയറക്ടറായ എം.എല്‍.എ പ്രഭാകരന്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ സി.പി.ഐ.എം സെക്രട്ടറിമാരുടെ അറിവോടെ നിയമനം നടത്തുന്നുണ്ട് എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്.

ബാങ്കില്‍ ജോലിക്കായി ഏഴ് ലക്ഷം രൂപയോളമാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ധോണി സ്വദേശി വിജയകുമാറിന്റെ അവകാശവാദം.

Content Highlight: Job fraud in the name of CPIM leaders, Malampuzha MLA files complaint

We use cookies to give you the best possible experience. Learn more