ഒരു വെള്ളിയാഴ്ച മതി ജീവിതം കീഴ്മേല്‍ മറിയാന്‍….. പൊതുവെ സിനിമയെ കുറിച്ച് പറയുമ്പോള്‍ കൂടുലായി ഉപയോഗിക്കുന്ന വാചകങ്ങില്‍ ഒന്നാണ് ഇത്. സിനിമയെ പോലെ ആളുകളെ ആകര്‍ഷിക്കാന്‍ മറ്റ് ഒരു കലാ രൂപത്തിനും കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. പണം, പ്രശസ്തി അംഗീകാരം, ആരാധന തുടങ്ങി സിനിമയോളം ജനങ്ങളെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു തൊഴില്‍ ഇല്ല.
എന്നാല്‍ വെള്ളി വെളിച്ചത്തില്‍ അംഗീകരിക്കപ്പെട്ട് പ്രശസ്തരാവുന്ന ആളുകളെക്കാള്‍ എത്രയോ ആളുകള്‍ സിനിമയുടെ ചുഴിയില്‍പ്പെട്ട് തളര്‍ന്ന് പോകുന്നുണ്ട്. വര്‍ഷങ്ങളോളം സിനിമ മോഹവുമായി നടന്ന് അവസാനം ഒന്നുമില്ലാതായ നിരവധി ആളുകള്‍ നമുക്ക് ചുറ്റം ഉണ്ട്.
സിനിമയിലെ ഒരു പ്രൊഡക്ഷന്‍ ബോയ് തൊട്ട് ചിത്രത്തിലെ നായകന്‍ വരെയുള്ള നിരവധി തൊഴിലാളികളുടെ ശ്രമഫലമായാണ് ഒരു സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വ്യത്യസ്ത തരത്തില്‍ ഉള്ള തൊഴിലുകള്‍ ഒരു ലക്ഷ്യത്തിനായി ഒത്തു ചേരുകയാണ് ഇവിടെ.
ഒരു സിനിമയുടെ ഓഡീഷന്‍ മുതലാണ് സിനിമയുടെ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഓഡീഷന്‍ മുതല്‍ സിനിമയുടെ റിലീസ് വരെ നിരവധി പേരാണ് ഒരു സിനിമക്ക് വേണ്ടി തൊഴിലെടുക്കുന്നത്.
എന്നാല്‍ പലപ്പോഴും ഓഡീഷന്‍ മുതല്‍ സിനിമയുടെ റിലീസ് വരെ കടുത്ത തൊഴില്‍ ചൂഷണം ഈ മേഖലയില്‍ നടക്കുന്നതായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കാശ് വാങ്ങിയും ചൂഷണം ചെയ്തും “പണി കൊടുക്കുന്ന” ഫേക്ക് ഓഡീഷനുകള്‍.
സിനിമ സ്വപ്നം കാണുന്ന ചില ചെറുപ്പക്കാര്‍ ചേര്‍ന്നാണ് അഭിനയമോഹികള്‍ എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഒരുപാട് ആളുകള്‍ അതിലേക്ക് വന്നു. അതിലേക്ക് ഒരു പ്രമുഖ സിനിമയുടെ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി വൈശാഖ് എന്ന് പേരില്‍ ഒരാള്‍ എത്തിയത്. ഉടനെ തുടങ്ങുന്ന സിനിമയിലേക്ക് വിവിധ മേഖലകളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അതില്‍ രണ്ട് പേര്‍ അയാളെ കാണാന്‍ കൊച്ചിയിലേക്ക് പോയി. അയാള്‍ പറയുന്ന കഥകളും മറ്റും എഴുതിപ്പിച്ചു. രാത്രി രണ്ട് മണിക്ക് ഇവരെ കൊണ്ട് അഭിനയിപ്പിച്ചു.
പിന്നീട് സിനിമയുടെ ഓഡിയോ ലോഞ്ച് എന്ന് പേരില്‍ ചടങ്ങ് സംഘടിപ്പിക്കുകയും അവിടെ വെച്ച് ആരെയാണ് കാസ്റ്റ് ചെയ്തതെന്നോ ഒന്നും പറഞ്ഞില്ല. പ്രൊഡ്യൂസര്‍ പോലും ഇല്ലായിരുന്നു. പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലുള്ള പലരോടും സിനിമയില്‍ റോള്‍ നല്‍കാന്‍ 25000 മുതല്‍ പണം ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതോടെ ചെറുപ്പകാര്‍ക്ക് വൈശാഖ് ഫ്രോഡ് ആണെന്ന് മനസ്സിലാവുകയും സത്യാവസ്ഥ മനസിലാക്കുന്നതിനായി കോ- പ്രൊഡ്യൂസര്‍ എന്ന് നിലയില്‍ ഒരാളെ വൈശാഖിന്റെ അടുത്തോക്ക് പറഞ്ഞയക്കുകയും ചെയ്തു.
ഇതിനെ കുറിച്ച് ഗ്രൂപ്പിന്റെ അഡ്മിനായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്. കോ പ്രൊഡ്യൂസറായി ഞങ്ങള്‍ ഒരാളെകൊണ്ട് വിളിപ്പിച്ചു. സിനിമക്ക് വേണ്ടി പണം തരാം പകരം സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ അഡ്ജസ്റ്റ്മെന്റിന് തയ്യാറാക്കണമെന്ന് പറഞ്ഞു. ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് സിനിമയുടെ ഓഡീഷന് ഫോട്ടോ അയച്ച പെണ്‍കുട്ടികളുടെ മുഴുവന്‍ ഫോട്ടോയും അയച്ച് തന്നിട്ട് ആരെ വേണമെങ്കിലും സെലക്റ്റ് ചെയ്തോളാന്‍ പറഞ്ഞു.
മുമ്പ് നിരവധി തവണ ഇത്തരത്തില്‍ ഫേക്ക് ഓഡീഷനുകളില്‍ പങ്കെടുക്കേണ്ടി വന്നിരുന്നെന്ന് ക്വീന്‍ സിനിമയില്‍ അഭിനയിച്ച അശ്വിന്‍ ജോസ് പറയുന്നത്. പലപ്പോഴും കാസ്റ്റിങ്ങ് ഒക്കെ മുമ്പ് തന്നെ അഭിനയിതേക്കാളെ നിശ്ചയിച്ച് ശേഷം പരസ്യത്തിന് വേണ്ടി ഓഡീഷന്‍ നടത്തുന്നവരുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ലെങ്കിലും പല കൂട്ടുകാരോടും ഓഡീഷനില്‍ തെരഞ്ഞെടുക്കാന്‍ കാശ് ചോദിച്ചിട്ടുണ്ട്. അശ്വിന്‍ പറയുന്നു.
ഫേക്ക് ഓഡീഷന്‍ പോലെ തന്നെ കാസ്റ്റിംഗ് കൗച്ചും ഈ മേഖലയില്‍ രൂക്ഷമാണെന്നും അനുഭവസ്ഥര്‍ പറയുന്നുണ്ട്.
ഓഡീഷന്‍ മുതല്‍ തുടങ്ങുന്ന കാസ്റ്റിംഗ് കൗച്ച്
ഏറെ പ്രതീക്ഷകളോടെയാണ് ആലപ്പുഴ സ്വദേശിനിയായ അനു (യഥാര്‍ത്ഥ പേരല്ല) തനിക്ക് വാട്സാപ്പ് വഴി ലഭിച്ച കാസ്റ്റിംഗ് കാള്‍ നോട്ടീസിലെ നമ്പറിലേക്ക് വിളിച്ചത്. അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തയാള്‍ സിനിമയെ കുറിച്ചുള്ള ചെറിയ വിവരണം കൊടുത്തു. അതിന് ശേഷം അനുവിന്റെ കഴിവ് തെളിയിക്കാന്‍ കഴിയുന്ന ഡബ്സ് മാഷ് വീഡിയോയും ഫോട്ടോയും ആ നമ്പറിലേക്ക് അയക്കാനും പറഞ്ഞു. ഇത് രണ്ടു ചെയ്ത അനുവിനെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതേ ആള്‍ വിളിച്ചു. അതിനെ കുറിച്ച് അനു പറയുന്നത് ഇങ്ങനെ
“”സിനിമ വല്ലാത്തൊരു പാഷനും സ്വപ്നവുമൊക്കെയായിരുന്നു എനിക്ക്. ഫോട്ടോയും വീഡിയോയും ഒക്കെ അയച്ചു കൊടുത്ത് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ വിളിച്ചു. സിനിമ മേഖലയില്‍ രീതികളെ കുറിച്ച് ചെറിയരീതിയില്‍ ഉള്ള വിശദീകരണവും സൂപ്പര്‍ താരങ്ങളായ നായികമാരുടെ ചില കഥകളും അയാള്‍ പറഞ്ഞു. ശേഷം എനിക്കും ആ തരത്തില്‍ നായികയാവാം പകരം സംവിധായകനും നിര്‍മ്മാതാവിനും വേണ്ടി ചില “അഡ്ജസ്റ്റമെന്റിന്” തയ്യാറാവണം എന്ന്. ഞാന്‍ ആകെ തകര്‍ന്ന് പോയി. എനിക്ക് താല്‍പ്പര്യം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഉപദേശവും പിന്നെ ഭീഷണിയുമായി എന്റെ ഫോട്ടോകള്‍ അവരുടെ കൈയ്യിലുണ്ടെന്നും അത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു അപ്പോള്‍.”” അനു പറയുന്നു.
എന്നാല്‍ സിനിമയുടെ ഓഡീഷന്‍ മുതല്‍ സിനിമ റിലീസ് വരെ നിരവധി തൊഴില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സനല്‍ (യഥാര്‍ത്ഥ പേരല്ല) പറയുന്നത് ഫേക്ക് ഓഡീഷനുകളും കാസ്റ്റിംഗ് കൗച്ചും വിശ്രമമില്ലാത്ത ജോലിയുമെല്ലാമായി നിരവധി തൊഴില്‍ ചൂഷണങ്ങള്‍ സിനിമ മേഖലയില്‍ നടക്കുന്നുണ്ടെന്നാണ് സനലിന്റെ അഭിപ്രായം
“”സിനിമ എന്ന അത്ഭുതലോകത്തിലേക്ക് വരാന്‍ ആണ് ഭൂരിഭാഗം ആളുകള്‍ക്കും താല്‍പ്പര്യം എന്നാല്‍ ഇവിടെയുള്ള കഷ്ടപ്പാടുകള്‍ ആരും അറിയുന്നില്ലെന്നാണ് സത്യം നൂറില്‍ എഴുപത് ശതമാനവും കള്ള നാണയങ്ങള്‍ സിനിമയില്‍ പ്രവര്‍ത്തുക്കുന്നുണ്ടെന്ന് വേണം പറയാന്‍”” സനല്‍ പറയുന്നു.
തൊഴില്‍ ചൂഷണത്തിന്റെ സിനിമാലോകം
35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന അസോസിയേറ്റ് മുരളിയുടെ ചരമ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞത് ഒട്ടേറെ സംവിധായകരുടെ കൂടെ അസോസിയേറ്റായി അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. സമ്മര്‍ പാലസ്, ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സിനിമകള്‍ ഒന്നും പ്രേക്ഷകര്‍ ഏറ്റെടുത്തില്ല. എന്നാല്‍ സിനിമ എന്ന സ്വപ്‌നം അദ്ദേഹം കൈയ്യൊഴിഞ്ഞിരുന്നില്ല…. വീണ്ടും അതിനായി അദ്ദേഹം പരിശ്രമിച്ചു കൊണ്ടിരുന്നു. ഇതിനിടെ സെക്യുരിറ്റിയായും കല്ലു ചുമക്കാനും വര്‍ക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടെയാണ് മരണമെത്തുന്നത്.
മുരളിയെ പോലെ നിരവധിയാളുകളാണ് സിനിമയുടെ മായിക പ്രപഞ്ചത്തില്‍ ആകൃഷ്ടരായി അവസാനം ഒന്നുമാകാതെ പോകുന്നത്. ഒരോ വര്‍ഷവും നൂറിലധികം സിനിമകളാണ് മലയാളത്തില്‍ മാത്രം ഇറങ്ങുന്നത്. ഇതില്‍ തന്നെ നിരവധിയാളുകളാണ് സംവിധാന സഹായികളായും മറ്റ് സിനിമാനുബന്ധ തൊഴിലുകളിലും സഹായിയായി എത്തുന്നത്. ഇതില്‍ എത്രപ്പേര്‍ സിനിമയില്‍ എത്തുന്നുണ്ടെന്നത് വലിയ ചോദ്യമാണെന്നാണ് തമിഴ് സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മലയാളിയായ മുനീര്‍ വെളിമുക്ക് ചോദിക്കുന്നു.
പലപ്പോഴും സിനിമയില്‍ അസിസറ്റന്റ് ആയി എത്തുന്നവരില്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേ സിനിമയില്‍ സ്വതന്ത്രമായി വര്‍ക്ക് ചെയ്യുന്നവരായി വരുന്നുള്ളു. സിനിമ എന്നത് ഒരു ഭാഗ്യ പരീക്ഷണം കൂടിയും കൂടിയാണ്. പലപ്പോഴും ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ ചൂഷണം നടന്നാല്‍ പരാതിപ്പെടാന്‍ പോലും കഴിയില്ല. കാരണം ഒരു സംഘടനയിലും ഇവര്‍ മെമ്പറായിരിക്കില്ല. കാരണം വലിയ തുകയാണ് മെമ്പര്‍ഷിപ്പ് തുകയായി നല്‍കേണ്ടി വരിക. മുനീര്‍ പറയുന്നു.
തനിക്ക് അറിയാവുന്ന നിരവധിപ്പേര്‍ വര്‍ഷങ്ങളായി അസിസ്റ്റന്റും അസോസിയേറ്റുമായി ജോലി ചെയ്യുന്നുണ്ടെന്നും മുനീര്‍ പറഞ്ഞു. പലരും സ്വന്തമായി സിനിമയെടുക്കാന്‍ ഭയക്കുന്നതിന് കാരണം ഒരിക്കല്‍ സ്വതന്ത്ര സംവിധായകനോ മറ്റോ ആയി കഴിഞ്ഞാല്‍ പിന്നെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനെ കുറിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് തനിക്ക് ഇപ്പോള്‍ അസോസിയേറ്റ് ആയി ജോലി ചെയ്യുന്നതിന് കാശ് ലഭിക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി ഒരു സിനിമയെടുത്താല്‍ എങ്ങാനും അത് പരാജയമായാല്‍ പിന്നെ ഇപ്പോള്‍ സ്ഥിരമായി ലഭിക്കുന്ന ഈ വരുമാനവും ലഭിക്കാതെയാവും. ഇത്തരത്തിലാണ് പലരും ചിന്തിക്കുന്നത്. മൂനീര്‍ കൂട്ടിചേര്‍ത്തു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സൗത്ത് ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് മുനീര്‍. മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ സിനിമാ മേഖലയിലെ സംഘടനകളില്‍ അംഗത്വം എടുക്കാന്‍ കഴിയാത്ത പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിക്കുന്നത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ക്യാരക്ടര്‍ റോള്‍ ചെയ്യുന്നവര്‍ തുടങ്ങി മുഴുവന്‍ അസംഘടിത തൊഴിലാളികളെയും ഈ അസോസിയേഷന് കീഴില്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. മൂനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തൊഴില്‍ ചൂഷണത്തിന് ഇരയാവുന്ന വനിതാ സിനിമാ പ്രവര്‍ത്തകര്‍
കൊച്ചിയില്‍ ഓടുന്ന കാറില്‍ സിനിമ നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. സിനിമലോകത്തെ മാത്രമല്ല ഈ സംഭവം ഞെട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് സിനിമയെ കുറിച്ചും സിനിമാമേഖലയിലെ ചൂഷണത്തെ കുറിച്ചും നിരവധി ചര്‍ച്ചകളാണ് നടന്നത്. സിനിമപ്രവര്‍ത്തകരായ സ്ത്രീകള്‍ കടുത്ത അവഗണനകളും തൊഴില്‍ ചൂഷണവും നേരിടുന്നുണ്ടെന്ന് സിനിമാമേഖലയിലെ വനിതാപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തി.
തുടര്‍ന്ന് സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വനിതാ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് കൂട്ടായ്മ വെളിപ്പെടത്തിയിരുന്നു.
കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ലെന്നും സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു സംഘടന രൂപീകരിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ പരാതി സമര്‍പ്പിക്കുകയും തുടര്‍ന്ന് മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കമ്മീഷന്‍ രൂപീകരിച്ചിട്ട് ഒരു വര്‍ഷമാവാറായിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഏപ്രില്‍ പതിനൊന്നിന് മുഖ്യമന്ത്രിയെ കണ്ടു. തുടര്‍ന്ന് നിയോഗിക്കപ്പെട്ട കമ്മിറ്റി പഠനം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ആറ് മാസത്തിനകം സമര്‍പ്പിക്കുമെന്ന് വകുപ്പ് മന്ത്രി കൂടിയായ എ.കെ.ബാലന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയിലാണ് സര്‍ക്കാര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ, കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.വത്സലകുമാരി എന്നിവരെ ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപീകരിച്ചത്.
ഇതിനിടെ സിനിമാരംഗത്തെ സ്ത്രീകള്‍ക്കായി ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കയുണ്ടായി ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒന്‍പത് പേരുടെ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, പ്രതിഫല തര്‍ക്കം, ലിംഗ വിവേചനം, ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടിവരുന്നുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങളില്‍ ഫെഫ്ക ഇടപെടുന്നത് ഈ കോര്‍ കമ്മിറ്റി വഴിയായിരിക്കുമെന്ന് പുതിയ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത് വനിതകളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റിയെ അറിയിക്കാനായി വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
തൊഴില്‍ ചൂഷണത്തിനെതിരെ കര്‍ശന നടപടി
സിനിമയില്‍ തൊഴില്‍ ചൂഷണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാറുണ്ടെന്ന് ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സിനിമയില്‍ ഫേക്ക് ഓഡീഷനുകള്‍ നടക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ മലയാളത്തില്‍ ക്രെഡിബിലിറ്റി ഉള്ള ഒരു സംവിധായകനോ നിര്‍മ്മാതാക്കളോ ഇത്തരത്തില്‍ ഓഡീഷനുകള്‍ നടത്തുന്നില്ല എന്ന് എനിക്ക് പറയാന്‍ സാധിക്കും പലപ്പോഴും ആ നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ ഇത് ഫേക്ക് ആണോ ഒര്‍ജിനലാണോ എന്ന് തിരിച്ച് അറിയാന്‍ സാധിക്കും ഒര്‍ജിനല്‍ ഓഡീഷനുകള്‍ എല്ലാം തന്നെ മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയാണ് ഓഡീഷനുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ കാശ് വാങ്ങി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാറുണ്ട്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പിന്നെ തൊഴിലാളികളുടെ വേതനപ്രശ്‌നം മലയാളത്തില്‍ ഉണ്ടെന്ന് പറയാന്‍ പറ്റില്ല. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഫെഫ്ക്ക പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ മുതല്‍ രാത്രിവരെ ഒരു ബാറ്റയും രാത്രികളില്‍ 9.30ക്ക് ശേഷം നാല് മണിക്കൂറിന് പകുതി ബാറ്റയും പിന്നെയുള്ള നാല് മണിക്കൂറിന് പകുതി ബാറ്റയുമാണ്. ഇതിന് നാല് മണിക്കൂര്‍ ജോലി ചെയ്യണം എന്നില്ല 9.30 കഴിഞ്ഞ് അര മണിക്കൂര്‍ ജോലി ചെയ്താലും പകുതി ബാറ്റ തന്നെ നല്‍കും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മറ്റൊരു പ്രശ്‌നം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ളതാണ്. ഇത്തരം ആരോപണങ്ങള്‍ ഫെഫ്ക്ക ഗൗരവത്തോടെയാണ് കാണുന്നത്. ഒരു പെണ്‍കുട്ടി ഒരിക്കലും വെറുതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കില്ല. പക്ഷേ പപ്പോഴും ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ നടപടിയെടുക്കാന്‍ സംഘടനയ്ക്ക് കഴിയാത്തത് ഇത്തരം ആരോപണങ്ങള്‍ ഔദ്യോഗികമായി പരാതി ലഭിക്കുന്നില്ല എന്നതാണ്. ഇത് ശരിക്കും ഒരു ക്രിമിനല്‍ സംഭവം കൂടിയാവുമ്പോള്‍ പൊലീസിലും കൂടി അറിയിക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ പൊലീസില്‍ അറിയിക്കേണ്ട എന്ന നിലപാടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പറയുന്നത്. ഔദ്യോഗികമായി സംഘടനയില്‍ പരാതിയും നല്‍കുന്നില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഒരു മടിയും കൂടാതെ നടപടിയെടുക്കും- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.