| Thursday, 4th August 2022, 5:42 pm

കേന്ദ്രത്തിലുള്ളത് തൊഴില്‍ നശിപ്പിക്കുന്ന സര്‍ക്കാര്‍: വി. ശിവദാസന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി. ശിവദാസന്‍ എം.പി. സംഘടിതമേഖലയിലെ തൊഴിലുകള്‍ ഇല്ലായ്മ ചെയ്യുന്ന യൂണിയന്‍ സര്‍ക്കാര്‍ നിലപാട് യുവാക്കളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണെന്നും തൊഴില്‍ രംഗത്ത് സംഘടിത മേഖലയുടെ പ്രാതിനിധ്യം കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയില്‍ താന്‍ ഉന്നയിച്ച് ചോദ്യത്തിന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി രാമേശ്വര്‍ തേലിയുടെ മറുപടിയെ ഉദ്ധരിച്ചുകൊണ്ടാണ് എം.പിയുടെ പ്രസ്താവന.

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2016-2021 കാലയളവില്‍ തന്നെ 2.68 ലക്ഷം കുറഞ്ഞു എന്ന ഞെട്ടിക്കുന്ന കണക്കാണ് യൂണിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

2016-17ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായിരുന്നത് 11.29 ലക്ഷം ജീവനക്കാരായിരുന്നു. എന്നാല്‍ 2021 ല്‍ ഇത് 8.61 ലക്ഷം ആയി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തൊഴില്‍ രംഗത്ത് സംഘടിത മേഖലയുടെ പ്രാതിനിധ്യം കുറയുന്നതായി മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാണ്. 2017-18 കാലയളവില്‍ 19.2 ശതമാനം തൊഴിലാളികള്‍ സംഘടിത മേഖലയില്‍ തൊഴിലെടുത്തിരുന്നു. ഇത് 2019-20 കാലയളവില്‍ 17.8 ശതമാനം ആയി കുത്തനെ കുറഞ്ഞിരിക്കുകയാണ്.

ഇത്തരത്തില്‍ സംഘടിത തൊഴില്‍ മേഖലകളില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍ അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ് എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ 82 ശതമാനം പേരും വേണ്ടത്ര തൊഴില്‍ സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അഗ്നിപഥ് പദ്ധതിയില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം യുവാക്കളെയും 4 വര്‍ഷത്തെ ജോലിക്ക് ശേഷം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും എന്ന് ഇതിനോടകം തന്നെ യൂണിയന്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ മഹാഭൂരിപക്ഷം പേരും അസംഘടിത മേഖലയെ ആശ്രയിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ഇത് കടുത്ത അരക്ഷിതാവസ്ഥയാണ് സമൂഹത്തില്‍ സൃഷ്ടിക്കുക.

യൂണിയന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളെ ഗൗരവമായി കാണുകയും തങ്ങളുടെ തൊഴില്‍ നശീകരണ നയങ്ങള്‍ തിരുത്തുകയും ചെയ്യണം എന്നും ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു.

Content Highlight: Job-Destroying Government at Centre says V. Sivadasan M.P

Latest Stories

We use cookies to give you the best possible experience. Learn more