ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍്ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ദ എക്‌സ്‌ക്ലൂഷന്‍ റിപ്പോര്‍ട്ട് 2016ലാണ് ഇക്കാര്യം പറയുന്നത്.
തൊഴില്‍ മന്ത്രാലയത്തിലെ കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2011ല്‍ 930,000തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 2015ല്‍ അത് 135,000ആയി കുറഞ്ഞു.
“മോദി സര്‍ക്കാര്‍ കാലവധിയുടെ പകുതിയിലേറെ പൂര്‍ത്തിയായപ്പോള്‍ ഇവിടെ തൊഴിലവസരങ്ങള്‍ ഒട്ടും സൃഷ്ടിക്കപ്പെടുന്നില്ല എന്ന സ്ഥിതിയാണ്. മുന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കുറഞ്ഞതിനേക്കാള്‍ താഴെയായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് കുറഞ്ഞിരിക്കുകയാണ്.” റിപ്പോര്‍ട്ടില്‍ പറയുന്നു.
ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിങ്ങനെ കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ഇപ്പോഴും പൊതുസേവനകളുടെ കാര്യത്തില്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍, ഡിജിറ്റല്‍ ആക്‌സസ്, കാര്‍ഷിക ഭൂമി, വിചാരണയിലിരിക്കുന്നവര്‍ക്ക് നിയമസഹായം എന്നീ നാലു സേവനങ്ങളാണ് സി.ഇ.എസ് പരിശോധിച്ചത്.
ദളിതര്‍ക്കിടയില്‍ ഭൂരഹിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്ന് 53% ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ 40% ആദിവാസികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.