| Sunday, 7th January 2024, 8:26 am

ബ്രസീലുകാരന്റെ മിന്നും ഫോം; ഹാലണ്ടിനും സലക്കും താഴെ മൂന്നാമനായി അവന്റെ പേരും എഴുതപ്പെടും

സ്പോര്‍ട്സ് ഡെസ്‌ക്

എഫ്.എ കപ്പില്‍ ബ്രൈറ്റണ് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രൈറ്റണ്‍ തകര്‍ത്തത്.

മത്സരത്തില്‍ ബ്രൈറ്റണ് വേണ്ടി ബ്രസീലിയന്‍ താരം ജാവോ പെഡ്രോ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 71, 80 മിനിട്ടുകളിലായിരുന്നു പെഡ്രൊയുടെ തകര്‍പ്പന്‍ ഗോളുകള്‍ പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും ബ്രസീലിയന്‍ താരത്തിന് സാധിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 15+ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് ജാവോ പെഡ്രൊ സ്വന്തമാക്കിയത്. 19 ഗോളുകള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ട് ആണ് പട്ടികയില്‍ ഒന്നാമത്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായാണ് രണ്ടാം സ്ഥാനത്തുള്ളത്. 18 ഗോളുകളാണ് ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ അക്കൗണ്ടിലുള്ളത്.

അതേസമയം മത്സരത്തില്‍ 3-4-2-1 ഇന്ന് ഫോര്‍മേഷനിലായിരുന്നു സ്റ്റോക്ക് സിറ്റി അണിനിരന്നത്. മറുഭാഗത്ത് ബ്രൈറ്റണ്‍ 3-4-3 എന്ന ശൈലിയുമാണ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 16ാം മിനിട്ടില്‍ ബ്രൈറ്റണ്‍ താരം ജാന്‍ പോള്‍ വാന്‍ ഹെക്കേയുടെ ഓണ്‍ ഗോളിലൂടെ സ്റ്റോക്ക് സിറ്റി ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെര്‍വീസ് എസ്റ്റുപിനാനിലൂടെ ബ്രൈറ്റണ്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിയുകയായിരുന്നു.

രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 52ാം മിനിട്ടില്‍ ലൂയിസ് വാങ്കിലൂടെ ബ്രൈറ്റണ്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 63ാം മിനിട്ടില്‍ സ്റ്റോക്ക് സിറ്റിക്ക് ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലൂയിസ് ബേക്കര്‍ സ്റ്റോക്ക് സിറ്റിക്ക് സമനില നല്‍കി. എന്നാല്‍ ജാവോ പെഡ്രോയുടെ ഇരട്ട ഗോള്‍ വന്നതോടുകൂടി ബ്രൈറ്റണ്‍ 4-2ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി 23ന് വോള്‍വ്‌സിനെതിരെയാണ് ബ്രൈറ്റണ്‍ന്റെ അടുത്ത മത്സരം.

Content Highlight: Joao Pedro score two goals and Brighton won in FA cup.

We use cookies to give you the best possible experience. Learn more