| Saturday, 24th August 2024, 1:10 pm

നെയ്മറിന് ശേഷം പാരീസിൽ ചരിത്രമെഴുതി പോർച്ചുഗീസുകാരൻ; റൊണാൾഡോയുടെ നാട്ടുകാരൻ വിസ്മയിപ്പിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ കരുത്തരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ മോണ്ട്‌പെല്ലിയറിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ പി.എസ്.ജിക്കായി പോര്‍ച്ചുഗീസ് താരം ജാവോ നെവാസ് രണ്ട് അസിസ്റ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഫ്രഞ്ച് ലീഗിലെ ലെ ഹവ്‌റേക്കെതിരെയുള്ള ആദ്യ മത്സരത്തിലും താരം രണ്ട് അസിസ്റ്റുകള്‍ നേടിയിരുന്നു. ഈ സീസണിലാണ് പോര്‍ച്ചുഗീസ് താരത്തെ ഫ്രഞ്ച് വമ്പന്‍മാര്‍ സ്വന്തമാക്കിയത്.

പി.എസ്.ജിക്കായി ആദ്യ രണ്ടു മത്സരങ്ങളില്‍ തന്നെ നാല് അസിസ്റ്റുകള്‍ നേടിയാണ് നെവാസ് തിളങ്ങിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും പോര്‍ച്ചുഗീസ് താരത്തെ തേടിയെത്തി. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് ശേഷം പി.എസ്.ജിക്കായി ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും നാല് അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനാണ് നെവാസിന് സാധിച്ചത്. 2017ലായിരുന്നു നെയ്മര്‍ പാരീസിനൊപ്പം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

അതേസമയം മത്സരത്തില്‍ ബ്രാഡ്‌ലി ബാര്‍കോള (4, 53), മാര്‍ക്കോ അസെന്‍സിയോ (24), അഷ്‌റഫ് ഹക്കീമി (58), വാറന്‍ സയര്‍ എമറി (60), ലീ കാങ് ഇന്‍ (82) എന്നിവരായിരുന്നു പി.എസ്.ജിക്കായി ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയായിരുന്നു ഫ്രഞ്ച് വമ്പന്‍മാരുടെ പോരാട്ടം. 27 ഷോട്ടുകളാണ് ടീമിന്റെ പോസ്റ്റിലേക്ക് പാരീസ് താരങ്ങള്‍ ഉതിര്‍ത്തത്. ഇതില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകളില്‍ നിന്നും മുന്നെണ്ണം മാത്രമാണ് എതിര്‍ ടീമില്‍ പാരീസിന്റെ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാന്‍ സാധിച്ചത്.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്. ജി. സെപ്റ്റംബര്‍ 2ന് ലോസ്‌കിനെരെയാണ് ഫ്രഞ്ച് വമ്പന്മാരുടെ അടുത്ത മത്സരം. ലോസ്‌ക്കിന്റെ തട്ടകമായ സ്റ്റേഡ് പിയറി മൗറോയ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Joao Nevas Great Record in PSG

We use cookies to give you the best possible experience. Learn more