സ്പാനിഷ് വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുകയെന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണെന്ന് പോര്‍ച്ചുഗല്‍ താരം ജോവാ ഫെലിക്‌സ്. ബാഴ്‌സയില്‍ കളിക്കാന്‍ ഒരുപാടിഷ്ടമാണെന്നും ആഗ്രഹം നിറവേറുകയാണെങ്കില്‍ അത് തന്റെ സ്വപ്‌ന സാക്ഷാത്കാരമായിരിക്കുമെന്നും ഫെലിക്‌സ് പറഞ്ഞു. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയോടാണ് ഫെലിക്‌സ് ഇക്കാര്യം പങ്കുവെച്ചത്.
‘ബാഴ്‌സലോണയില്‍ കളിക്കാന്‍ എനിക്കൊരുപാടിഷ്ടമാണ്. ബാഴ്‌സയാണ് എല്ലായിപ്പോഴും എന്റെ ആദ്യ ചോയിസ്. കുട്ടിക്കാലം തൊട്ടുള്ള എന്റെ സ്വപ്‌നമാണ് ബ്ലൂഗ്രാനക്കൊപ്പം കളിക്കുകയെന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് ഒരു സ്വപ്‌ന സാക്ഷാത്കാരമാണത്,’ ഫെലിക്‌സ് പറഞ്ഞു.
അത്‌ലെറ്റികോ മാഡ്രിഡില്‍ നിന്ന് ആറ് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്‌സ് ചെല്‍സിയിലെത്തുന്നത്. ചെല്‍സിക്കായി ഈ സീസണില്‍ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ മാത്രമെ പോര്‍ച്ചുഗീസ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.
അതേസമയം, ഫെലിക്സിനെ ക്ലബ്ബിലെത്തിക്കാന്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്.