കഴിഞ്ഞ മാസമാണ് അത്‌ലെറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജോവാ ഫെലിക്‌സിനെ ബാഴ്‌സലോണ എഫ്.സി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഒരു വര്‍ഷത്തെ ലോണ്‍ അടിസ്ഥാനത്തിലാണ് ഫെലിക്‌സ് ബാഴ്‌സലോണയുമായി ചേര്‍ന്നത്.
ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഫെലിക്‌സ് ബാഴ്‌സലോണയിലെ തന്റെ അരങ്ങേറ്റ മത്സരം നടത്തിയിരുന്നു. റിയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയിക്കാന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ ജോവാ ഫെലിക്‌സ് ആണ് 25ാം മിനിട്ടില്‍ ഗോള്‍ സ്‌കോര്‍ ചെയ്തുകൊണ്ട് ബാഴ്‌സക്കായി ലീഡ് നേടിയത്. തുടര്‍ന്ന് റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, ഫെറാന്‍ ടോറസ്, റഫീഞ്ഞ, ജോവാ കാന്‍സെലോ എന്നീ താരങ്ങളും ബാഴ്‌സലോണക്കായി ഓരോ ഗോള്‍ വീതം നേടി.
ബാഴ്‌സലോണ ടീമിനൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണെന്നാണ് മത്സരത്തിന് ശേഷം ഫെലിക്‌സ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ബാഴ്‌സ ബ്ലൂഗ്രെയ്ന്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ബാഴ്‌സലോണ ടീമിനൊപ്പം കളിക്കുക വളരെ എളുപ്പമായിരുന്നു. ഞങ്ങളെല്ലാവരും നന്നായി കളിച്ചു. നിങ്ങള്‍ക്ക് നല്ല സ്‌കട്രെക്ച്ചറുണ്ടെങ്കില്‍ പന്ത് വേഗത്തില്‍ നീങ്ങുകയും നിങ്ങള്‍ക്ക് എളുപ്പം ഗോള്‍ നേടാന്‍ സാധിക്കുകയും ചെയ്യും,’ ഫെലിക്‌സ് പറഞ്ഞു.
2019ല്‍ ബെന്‍ഫിക്കയില്‍ നിന്ന് അത്‌ലെറ്റികോ മാഡ്രിഡിലെത്തിയ ഫെലിക്‌സ് 131 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് ക്ലബ്ബിനായി നേടിയത്.
Content Highlights: Joao Felix talking about Barcelona team