ഫുട്‌ബോള്‍ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയുടെ പേര് തുറന്ന് പറഞ്ഞ് ചെല്‍സിയുടെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ജോവാ ഫെലിക്‌സ്. ചെല്‍സിയുടെ തന്നെ ബ്രസീലിയന്‍ താരം തിയാഗോ സില്‍വയാണ് തന്റെ ഫേവറേറ്റ് എന്നാണ് ജോവാ പറഞ്ഞിരിക്കുന്നത്.
സില്‍വ ഏറ്റവും മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ കൂടെ കളിച്ചപ്പോഴാണ് അത് കൂടുതല്‍ മനസിലായതെന്നും ജോവാ പറഞ്ഞു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ എന്തോ ഒന്ന് അദ്ദേഹത്തിലുണ്ടെന്നും ജോവാ പറഞ്ഞു.
‘ഒരു കളിക്കാരനെന്ന നിലയില്‍ തിയാഗോ സില്‍വയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ പറയും. സില്‍വക്കൊപ്പം കളിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്നും അദ്ദേഹത്തിന്റെ കളി എന്താണെന്നും ഞാന്‍ മനസിലാക്കുന്നത്. മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തമായ എന്തോ ഒന്ന് ഞാന്‍ അദ്ദേഹത്തില്‍ കണ്ടു,’ അദ്ദേഹം പറഞ്ഞു.
തന്റെ 39ാം വയസിലും മികച്ച പ്രകടനമാണ് തിയാഗോ സില്‍വ കാഴ്ചവെക്കുന്നത്. മുപ്പത് കഴിഞ്ഞാല്‍ ഫോം ഔട്ട് ആയെന്ന കാരണത്താല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന താരങ്ങള്‍ക്കിടയിലാണ് സില്‍വ മികച്ച ഫോമില്‍ തുടരുന്നത്.
തനിക്ക് 41 വയസാകുന്നത് വരെയും സാധ്യമെങ്കില്‍ അതിനുശേഷവും ഫുട്ബോളില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സില്‍വ നേരത്തെ പറഞ്ഞിരുന്നു.
2020ല്‍ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായി ചെല്‍സിയിലെത്തിയ താരം ക്ലബ്ബിനായി ഇതുവരെ 105 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെല്‍സിയുടെ മൂന്ന് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനും സില്‍വക്ക് സാധിച്ചിട്ടുണ്ട്. സില്‍വയുടെ പ്രകടനത്തില്‍ കോച്ച് ഗ്രഹാം പോട്ടര്‍ വളരെയധികം സംതൃപ്തനാണ്.
അതേസമയം അത്‌ലെറ്റികോ മാഡ്രിഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്‌സ് ചെല്‍സിയിലെത്തുന്നത്.
നിലവില്‍ 31 മാച്ചുകളില്‍ നിന്ന് 39 പോയിന്റുമായി നിലവില്‍ 11ാം സ്ഥാനത്താണ് ചെല്‍സി.
Content Highlights: Joao Felix shares experience with Thiago Silva