കാലങ്ങളായി ഫുട്ബോളില്‍ നിലനില്‍ക്കുന്ന മെസി-ക്രിസ്റ്റ്യാനോ ഫാന്‍ ഡിബേറ്റില്‍ മികച്ച താരം ആരെന്ന തന്റെ അഭിപ്രായം വ്യക്തമാക്കി അത്ലെറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജോവാ ഫെലിക്സ്. താരം മുമ്പൊരിക്കല്‍ സ്പാനിഷ് മീഡിയക്ക് നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹം ലയണല്‍ മസെിയെക്കാള്‍ മികച്ച കളിക്കാരനാണെന്നുമാണ് അഭിമുഖത്തില്‍ ജോവാ പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം തന്നെയാണ് ബെസ്റ്റ്, അദ്ദേഹം മെസിയെക്കാള്‍ മികച്ച താരമാണ്. ലയണല്‍ മെസിക്ക് നേടാന്‍ പറ്റാത്ത പല റെക്കോഡുകളും റൊണാള്‍ഡോ പേരിലാക്കിയിട്ടുണ്ട്.
മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മികച്ചതെന്ന് പറയുന്നവര്‍ക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല. റൊണാള്‍ഡോ പ്രായമായി വരികയാണ്, അത് കളിയില്‍ കാണാനുമുണ്ട്. എന്നാല്‍ ആരാണ് മികച്ച താരമെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്,’ ഫെലിക്സ് പറഞ്ഞു.
അതേസമയം, അത്‌ലെറ്റിക്കോ മാഡ്രിഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിയില്‍ കളിക്കുകയായിരുന്ന ഫെലക്‌സ് മാഡ്രിഡിലേക്ക് മടങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ക്ലബ്ബിന്റെ പരീശീലകനായി മൗറീഷ്യോ പോച്ചെറ്റീനോ ചുമതലയെടുത്തതിന് പിന്നാലെയാണ് താരത്തെ തിരിച്ചയക്കാന്‍ തീരുമാനമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഫെലിക്‌സ അഞ്ച് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിയിലെത്തുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ നാല് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
അത്‌ലെറ്റിക്കോ പ്രസിഡന്റ് എന്റിക്വ് സെരെസോയാണ് ഫെല്കിസിനെ ചെല്‍സി സ്ഥിരതാരമാക്കില്ലെന്നും ക്ലബ്ബിലേക്ക് തിരിച്ചയക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
Content Highlights: Joao Felix makes comparison between Lionel Messi and Cristiano Ronaldo