ജൂഡിനെപോലെ സെലിബ്രേഷന്‍ നടത്താനുള്ള കാരണം അതാണ്; തുറന്ന് പറഞ്ഞ് ബാഴ്സ താരം
Football
ജൂഡിനെപോലെ സെലിബ്രേഷന്‍ നടത്താനുള്ള കാരണം അതാണ്; തുറന്ന് പറഞ്ഞ് ബാഴ്സ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 1:35 pm

ലാ ലിഗയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലെറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചു.

മത്സരത്തില്‍ ബാഴ്സലോണക്കായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ജാവോ ഫെലിക്‌സ് ആണ് ഗോള്‍ നേടിയത്. ഗോള്‍ നേടിയതിന് ശേഷമുള്ള താരത്തിന്റെ സെലിബ്രേഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

ഗോള്‍ നേടിയതിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം ഗോള്‍ നേടിയാല്‍ നടത്തുന്ന സെലിബ്രേഷന്‍ ആയിരുന്നു ഫെലിക്‌സ് ചെയ്തത്.

മത്സരശേഷം ഇത്തരത്തില്‍ സെലിബ്രേഷന്‍ നടത്താനുള്ള കാരണമെന്താണെന്നും ഫെലിക്‌സ് വെളിപ്പെടുത്തി.

‘ കഴിഞ്ഞ കുറേയാഴ്ചകളായി ആളുകള്‍ എന്നെക്കുറിച്ച് ധാരാളം സംസാരിക്കുന്നു പക്ഷേ അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്റെ ശ്രദ്ധ മുഴുവനും എന്റെ ജോലിയിലാണ്. മറ്റു നാളുകള്‍ പറയുന്ന കാര്യമാക്കുന്നില്ല എല്ലാ ദിവസവും ഞാന്‍ മികച്ച പ്രകടനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഗോള്‍ നേടിയതിനു ശേഷമുള്ള ആഘോഷം സാധാരണമായിരുന്നു. കഴിഞ്ഞ സമ്മറില്‍ ഞാന്‍ അനുഭവിച്ച ചില സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു ആശ്വാസമായിരുന്നു ആ സെലിബ്രേഷന്‍. അത് ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടി ചെയ്തതാണ്,’ ജാവോ ഫെലിക്‌സ് മത്സരശേഷം പറഞ്ഞു.

മത്സരത്തിന്റെ 28ാം മിനിട്ടില്‍ ആയിരുന്നു ജാവോ ഫെലിക്‌സിന്റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും അത്ലെറ്റികോ മാഡ്രിഡ് ഗോള്‍ കീപ്പറുടെ മുകളിലൂടെ ഒരു ചിപ്പിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

മറുപടി ഗോളിനായി അത്ലെറ്റികോ മാഡ്രിഡ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബാഴ്‌സലോണയുടെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കറ്റാലന്‍മാര്‍ 1-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ലാ ലിഗയില്‍ 15 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. അതേസമയം 14 മത്സരങ്ങളില്‍ 31 പോയിന്റോടെ ബാഴ്സക്ക് താഴെയാണ് അത്ലെറ്റികോ മാഡ്രിഡ്.

ചാമ്പ്യന്‍സ് ലീഗില്‍ ഡിസംബര്‍ 14ന് ആന്റ്വേര്‍പ്പിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം. അതേസമയം ലാ ലിഗയില്‍ ഡിസംബര്‍ 10ന് അത്ലെറ്റികോ മാഡ്രിഡ്
അല്‍മേരിയയെയും നേരിടും.

Content Highlight: Joao Felix explains why he imitate Jude Bellingham celebration.