| Wednesday, 12th July 2023, 8:47 am

എതിരാളികളെക്കാള്‍ മികച്ച നിലയിലാണ് ഞങ്ങളിപ്പോള്‍: ലപോര്‍ട്ട

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ചത് തങ്ങളുടെ ടീം തന്നെയാണെന്ന് ബാഴ്‌സസലോണ പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ട. ലാ ലിഗ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു തങ്ങളുടെ ചിരവൈരികളായ ക്ലബ്ബിനെ കുറിച്ച് ലപോര്‍ട്ട പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ സീസണില്‍ തങ്ങളുടെ എല്‍ ക്ലാസികോ ചിരവൈരികളെ കടത്തിവെട്ടി ടീം ബാഴ്‌സലോണക്ക് ലാ ലിഗ ടൈറ്റില്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. 2019ന് ശേഷം ആദ്യമായിട്ടാണ് ബ്ലൂഗ്രാന ലാ ലിഗ ടൈറ്റില്‍ പേരിലാക്കുന്നത്. ലോസ് ബ്ലാങ്കോസിനെ 10 പോയിന്റ് വ്യത്യാസത്തില്‍ പിന്തള്ളിയായിരുന്നു ബാഴ്‌സയുടെ നേട്ടം.

എന്നാല്‍ ഇത്തവണ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രണ്ട് വമ്പന്‍ സൈനിങ്ങുകളാണ് മാഡ്രിഡ് നടത്തിയിരിക്കുന്നത്. ജൂഡ് ബെല്ലിങ്ഹാം, ആര്‍ദ ഗൂളര്‍ എന്നീ താരങ്ങള്‍ ഇത്തവണ സാന്തിയാഗോ ബെര്‍ണബ്യൂവിലുണ്ടാകും. വരാനിരിക്കുന്ന സീസണിലെ എല്‍ ക്ലാസികോ കനത്ത പോരാട്ടമായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ലപോര്‍ട്ടയുടെ പരാമര്‍ശം. ബാഴ്‌സലോണയുടേത് മാഡ്രിഡിനേക്കാള്‍ ശക്തമായ സ്‌ക്വാഡ് ആണെന്നും തന്റെ ടീമിനെ കുറിച്ചോര്‍ത്ത് താന്‍ സന്തുഷ്ടനാണെന്നും ലപോര്‍ട്ട പറഞ്ഞു. സ്‌പോര്‍ട്ടിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞങ്ങള്‍ക്ക് റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീം ഉണ്ട്. ഞങ്ങളുടെ എതിരാളികളെക്കാള്‍ മികച്ച നിലയിലാണ് ഞങ്ങള്‍ ഉള്ളത്. ക്ലബ്ബിലെ ഒരംഗം എന്ന നിലയിലും ആരാധകനെന്ന നിലയിലും ഞാന്‍ സംതൃപ്തനാണ്.

നിലവില്‍ ഞങ്ങളുടേത് ഒരു കോംപറ്റീഷന്‍ ടീമാണ്. ഞങ്ങള്‍ സ്പാനിഷ് ലീഗ് നേടിയിട്ടുണ്ട്. വ്യക്തിഗതമായി ഓരോരുത്തരെ സൈന്‍ ചെയ്യുന്നതിന് പകരം ഒരു നല്ല ടീമിനെ ബില്‍ഡ് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ഗുണ്ടോഗനെയും ഇനീഗോ മാര്‍ട്ടിനെസിനെയും ക്ലബ്ബിലെത്തിച്ചിട്ടുണ്ട്. അവര്‍ ഞങ്ങളുടെ ടീമുമായി ഒത്തിണങ്ങി മികച്ച പ്രകടനം പുറത്തെടുക്കും,’ ലപോര്‍ട്ട പറഞ്ഞു.

അതേസമയം, ബാഴ്‌സയും തങ്ങളുടെ തട്ടകത്തിലേക്ക് രണ്ട് സൂപ്പര്‍താരങ്ങളെ എത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ട്രെബിള്‍ കൊയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമായ ഇല്‍ക്കെ ഗുണ്ടോഗനെ സ്വന്തമാക്കാന്‍ ബാഴ്‌സക്ക് സാധിച്ചു.

അതോടൊപ്പം കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ്ബിലെത്തിയ ഇനീഗോ മാര്‍ട്ടിനെസ് സാവിയുടെ സ്‌ക്വാഡിന്റെ സ്‌ട്രെങ്ത്ത് വര്‍ധിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Joan Laporta claim Barcelona is better club than Real Madrid

We use cookies to give you the best possible experience. Learn more