'ആരാധകരേ ശാന്തരാകുവിന്‍, ബാഴ്‌സ നിരപരാധിയാണ്'; വിവാദ വിഷയത്തില്‍ മൗനം വെടിഞ്ഞ് ലപോര്‍ട്ട
Football
'ആരാധകരേ ശാന്തരാകുവിന്‍, ബാഴ്‌സ നിരപരാധിയാണ്'; വിവാദ വിഷയത്തില്‍ മൗനം വെടിഞ്ഞ് ലപോര്‍ട്ട
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th March 2023, 11:13 am

സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണക്ക് ഒന്നുകൊണ്ടും ഇതത്ര നല്ല സമയമല്ല. കളിയില്‍ തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ പാടുപെടുമ്പോഴാണ് റഫറിക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ബാഴ്‌സക്ക് നേരെ ഉയരുന്നത്. സംഭവത്തില്‍ അന്വേഷണം ശക്തമാകുമ്പോഴും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.

എന്നാലിപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആരാധകര്‍ ശാന്തരായിരിക്കണമെന്നും ബാഴ്‌സലോണ നിരപരാധിയാണെന്നുമാണ് ലപോര്‍ട്ട പറഞ്ഞിരിക്കുന്നത്.

ബാഴ്‌സക്കെതിരെ വ്യാജ ആരോപണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് ലപോര്‍ട്ട ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ആരാധകരേ, ശാന്തരാകുവിന്‍. വിവാദ വിഷയത്തില്‍ ബാഴ്‌സലോണ നിരപരാധിയാണ്. ഒരു ക്യാമ്പെയ്‌നിന്റെ ഇര മാത്രമാണ് ബാഴ്‌സ, ക്ലബ്ബിന്റെ മാന്യതക്ക് കോട്ടം വരുത്താന്‍ മനപൂര്‍വം ചെയ്തതാണ്. ഇതില്‍ അതിശയിക്കാനൊന്നുമില്ല. ഞങ്ങള്‍ ഇതിനെതിരെ പ്രതിരോധിക്കുകയും ബാഴ്‌സയുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും,’ ലപോര്‍ട്ട ട്വീറ്റ് ചെയ്തു.

റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെ ഉയര്‍ന്ന ആരോപണം. മത്സരഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

2001നും 2018നും ഇടയിലാണ് പണമിടപാട് നടന്നതെന്ന് സ്‌കൈ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. നെഗ്രെയ്റക്ക് പുറമെ കറ്റാലന്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായ സാന്‍ഡ്റോ റോസെല്‍, ജോസപ് മരിയ ബാര്‍ത്തോമ്യു എന്നിവരും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രണ്ട് ബാഴ്സലോണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെഗ്രെയ്‌റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ ബാഴ്സയുടെ യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. സമാന സാഹചര്യത്തില്‍ ഒരു വര്‍ഷം വരെയാണ് യുവേഫ വിലക്കേര്‍പ്പെടുത്താറുള്ളത്.

അതേസമയം ലാ ലിഗയില്‍ 25 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. മാര്‍ച്ച് 20ന് തിങ്കളാഴ്ച റയല്‍ മാഡ്രിഡിനോടാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Joan Laporta breaks silence on allegations against Barcelona