| Tuesday, 31st May 2022, 6:46 pm

ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കില്‍ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയം പൂര്‍ത്തിയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ജോ ജോസഫ്.

കനത്ത മഴയത്തും നട്ടുച്ചവെയിലിലും രാത്രി ഏറെ വൈകിയുമുള്ള സ്വീകരണങ്ങളില്‍പോലും തടിച്ചുകൂടിയ ജനങ്ങള്‍ എനിക്കും മുന്നണിക്കും നല്‍കിയ ഊര്‍ജം വളരെ വലുതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഘട്ടത്തില്‍ മുന്നോട്ടുതന്നെ പോകാന്‍ മാര്‍ഗനിര്‍ദേശം നല്‍കിയ ഗുരുതുല്യനായ പത്മശ്രീ. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോടും കൂടെനിന്ന വൈദ്യശാസ്ത്രലോകത്തെ മറ്റ് സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തുന്നു.

എല്ലാ പ്രതിസന്ധികളിലും എനിക്കൊപ്പം നിന്ന് പിന്തുണയും ധൈര്യവും ഊര്‍ജവും നല്‍കിയ ജീവിതപങ്കാളി ദയയോട് എങ്ങനെ നന്ദി പറയുമെന്ന് എനിക്കറിയില്ല. ദയയും മക്കളും എനിക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്നില്ലായിരുന്നെങ്കില്‍ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാന്‍ സാധിക്കുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര പോലൊരു മണ്ഡലത്തില്‍ ഇത്രയും നിശ്ചയദാര്‍ഢ്യത്തോടെ, വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ ഒരു മാസത്തോളം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ഇടതുമുന്നണി പ്രവര്‍ത്തകരോടും പലതരത്തിലുള്ള ആക്രമണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായപ്പോഴെല്ലാം എനിക്കൊപ്പം നിന്ന് അതിനെയെല്ലാം ക്ഷണനേരം കൊണ്ട് തകര്‍ത്തെറിഞ്ഞ സമൂഹമാധ്യമങ്ങളിലെ ലോകമെമ്പാടുമുള്ള സഖാക്കളോടുമുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാനും ഈ സന്ദര്‍ഭം ഞാന്‍ ഉപയോഗിക്കുന്നു.

വികസനം ചര്‍ച്ചാവിഷയമാക്കുമ്പോഴെല്ലാം വിവാദങ്ങള്‍ സൃഷ്ടിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. വ്യക്തിപരമായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. എങ്കിലും മണ്ഡലത്തിലെ വെള്ളക്കെട്ടും കുടിവെള്ളക്ഷാമവും പാര്‍പ്പിടപ്രശ്‌നവും ടെക്കികളുടെ വിഷയങ്ങളുമെല്ലാം ചര്‍ച്ചയാക്കാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന്റെ വികസന സ്വപ്നങ്ങള്‍ ജനങ്ങളോട് സംസാരിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വോട്ടെടുപ്പ് സമയം കഴിയുമ്പോള്‍ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്. ഒരിക്കല്‍ക്കൂടി തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങളോടൊഒപ്പം നിന്ന എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഉറപ്പാണ് നമുക്ക് തൃക്കാക്കര സ്‌നേഹത്തോടെ,’ ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Jo Joseph reply after Thrikkakara by election

We use cookies to give you the best possible experience. Learn more