ജെറുസലേം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ കൊല്ലപ്പെട്ട 7000 ഫലസ്തീനികളുടെ പേരുകള്‍ പുറത്തുവിട്ട് ഗസ ആരോഗ്യ മന്ത്രാലയം.
ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ബൈഡന്‍ ചോദ്യം ചെയ്തതിനു തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ട ഫലസ്തീനികളുടെ പേരുകള്‍ ഗസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
‘എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഫലസ്തീനികള്‍ സത്യം പറയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല’, എന്നായിരുന്നു ബൈഡന്റെ പരാമര്‍ശം .
ഒക്ടോബര്‍ 26 ന് ബൈഡന്റെ പരാമര്‍ശങ്ങള്‍ നിരസിച്ചുകൊണ്ട് ഗസയിലെ ആരോഗ്യമന്ത്രാലയം 210 പേജുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെട്ട ഓരോ ഫലസ്തീന്‍കാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഓരോ ഇരയുടേയും പേര്, പ്രായം, ലിംഗഭേദം, ഐഡി നമ്പറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘ലജ്ജയില്ലാത്ത ചോദ്യമാണിത്. യു.എസ് ഭരണകൂടം പെരുമാറുന്നത് ഒട്ടും മനുഷ്യത്വം ഇല്ലാതെയാണ്. ഞങ്ങള്‍ ലോകത്തിന്റെ മുന്നില്‍ ഇസ്രഈലി നരഹത്യയുടെ കണക്കുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. പട്ടികയിലെ ഓരോ നമ്പറിന് പിന്നിലും പേരും ഐഡന്റിറ്റിയും അറിയാവുന്ന ഒരു വ്യക്തിയുടെ കഥയുണ്ടെന്ന് ലോകം അറിയട്ടെ. നമ്മുടെ ആളുകള്‍ അവഗണിക്കപ്പെടേണ്ടവരല്ല,’ മരണസംഖ്യയില്‍ സംശയം ഉന്നയിച്ചതിനെതിരെ ഗസാ മന്ത്രാലയത്തിന്റെ വക്താവ് അഷ്‌റഫ് അല്‍ ഖേദ്ര പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബര്‍ ഏഴിനും ഒക്ടോബര്‍ 26 നും ഇടയില്‍ 2,913 കുട്ടികള്‍ ഉള്‍പ്പെടെ 6,747 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കൊല്ലപ്പെട്ട 281 പേരുടെ പേര് നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 7,028 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ആശുപത്രിയില്‍ എത്തിക്കാതെ സംസ്‌കരിക്കപ്പെട്ടവര്‍, ആശുപത്രികള്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായവര്‍ എന്നിവരെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ പ്രഖ്യാപിത കണക്കിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ബൈഡന്റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വരഹിതവും ആണെന്ന് ‘കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ‘(സി.എ.ഐ.ആര്‍)അപലപിച്ചു. ബൈഡന്‍ മാപ്പ് പറയണമെന്നും സി.എ. ഐ.ആര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Content Highlight: Jo Biden statement on Phalastine death toll