ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വൈസ് ചാന്‍സിലര്‍ മമിദാല ജഗദേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍.
ചട്ടവിരുദ്ധ നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്ന ഭീരുവാണ് വൈസ് ചാന്‍സിലറെന്ന് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
” പിന്‍വാതിലിലൂടെ ചട്ടവിരുദ്ധമായി നയങ്ങള്‍ നടപ്പാക്കുന്ന ഭീരുവാണ് ഈ വൈസ് ചാന്‍സിലര്‍. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച ശേഷം പിന്നീട് ജെ.എന്‍.യു വില്‍ പൈശാചികമായ അവസ്ഥ ഉണ്ടാക്കുകയാണ്” പ്രസ്താവനയില്‍ ആരോപിച്ചു.
കഴിഞ്ഞ 70 ദിവസങ്ങളായി വിദ്യാര്‍ത്ഥി തങ്ങളുടെ ക്യാമ്പസിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും അതേസമയം വി.സി നിര്‍ബന്ധബുദ്ധിയോടെ സര്‍വ്വകലാശാലയില്‍ ഫീസ് വര്‍ദ്ധിപ്പിച്ചുവെന്ന സന്ദേശം അയക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
” അദ്ദേഹം ശിങ്കിടികളെ സജ്ജമാക്കി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും സര്‍വ്വകലാശാലയെ നശിപ്പിക്കുകയുമാണ്” പ്രസ്താവനയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ആരോപിച്ചു.
ജെ.എന്‍.യു ആക്രമണത്തില്‍ ജെ.എന്‍.യു വി.സിക്കും പൊലീസിനും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. ജെ.എന്‍.യുവില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് സിബല്‍ പറഞ്ഞത്.
”എങ്ങനെയാണ് മുഖംമൂടി ധരിച്ച ഒരു സംഘത്തിന് ക്യാംപസിന് അകത്ത് പ്രവേശിക്കാന്‍ സാധിക്കുക? വൈസ് ചാന്‍സിലര്‍ അവിടെ എന്തുചെയ്യുകയായിരുന്നു. ” എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തിയത്. സംഘം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമമായിരുന്നു അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു.