| Monday, 6th January 2020, 6:42 pm

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമം ജനാധിപത്യത്തിന്റെ കൊലപാതകം, ഏറ്റവും കടുത്ത ശിക്ഷ നല്‍കണം: പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത്. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ കയറിച്ചെന്ന്, ക്രമസമാധാന നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കലാണ്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്, അതിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം.’ പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.

ഏത് പ്രത്യശാസ്ത്രത്തിന്റെ പേരിലായാലും, എന്ത് കാരണങ്ങള്‍ക്ക് വേണ്ടിയായാലും, ലക്ഷ്യമെന്തായാലും അക്രമം ഒന്നിനും പരിഹാരമാവില്ലെന്നും അദ്ദേഹം പറയുന്നു. അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തില്‍ വിപ്ലവം എന്നാല്‍ അക്രമവും നിയമങ്ങളില്ലാത്ത അവസ്ഥയുമായി പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറയുന്നു.

മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന പോസ്റ്റിന്റെ അവസാനം ജയ് ഹിന്ദ് എന്നും കുറിച്ചിട്ടുണ്ട്.

നേരത്തെ ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി നിവിന്‍ പോളി, മഞ്ജു വാര്യര്‍, ആഷിക് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more