ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് ക്യാംപസ് തുറന്നുകൊടുക്കുമെന്ന് വ്യക്തമാക്കി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍.
അഭയത്തിനായി ക്യാംപസ് തുറന്നു കൊടുക്കുന്നതിന് വിദ്യാര്‍ത്ഥി യൂണിയന് അവകാശമില്ലെന്ന് ജെ.എന്‍.യു അധികൃതര്‍ താക്കീത് നല്‍കിയതിന് പിന്നാലെയാണ് ക്യാംപസ് തുറന്നു കൊടുക്കുമെന്ന നിലപാടുമായി യൂണിയന്‍ രംഗത്തെത്തിയത്.
ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകളില്‍പ്പെട്ട് ഇരകളാവുന്നവര്‍ക്ക് അഭയം നല്‍കുമെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
‘1984ല്‍ ജെ.എന്‍.യു അഭയം നല്‍കാന്‍ തുറന്നു കൊടുത്തിരുന്നു, ഇപ്പോഴും തുറന്നു കൊടുക്കും, രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ ഇരകളാവുന്നവര്‍ക്ക് എപ്പോഴും ഇത് തുറന്നു കൊടുക്കുകയും ചെയ്യും,’ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയൂണിയനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യൂണിയന്‍ വ്യക്തമാക്കി. ‘എന്നിരുന്നാലും ഞങ്ങള്‍ വീണ്ടും വീണ്ടും പറയുന്നു, ജെ.എന്‍.യു ഇരകള്‍ക്ക് സുരക്ഷിതമായ ഒരു കേന്ദ്രമായിരിക്കും. അഡ്മിനിസ്‌ട്രേഷന്റെ ഭീഷണികള്‍ക്കുമപ്പുറമാണ് മനുഷ്യത്വം,’ വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുറത്തുനിന്നുള്ളവരെ ക്യാംപസിനകത്തേക്ക് കയറ്റിയാല്‍ സര്‍വകലാശാലയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുമെന്ന് ജെ.എന്‍.യു വിസി എം.ജഗദേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജെ.എന്‍.യു സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം ക്യാംപസ് അഭയകേന്ദ്രമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി നോട്ടീസയച്ചത്. ക്യാംപസിനകത്ത് അഭയം നല്‍കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്.
‘ജെ.എന്‍.യു ക്യാംപസ് അഭയകേന്ദ്രമാക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന് നിയമപരമായി അവകാശമില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കര്‍ശനമായി വിലക്കിയിരിക്കുന്നു. അതില്‍ വീഴ്ചവരുത്തിയാല്‍ നിങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും. ജെ.എന്‍.യുവിനെ പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള ഇടമായി നിങ്ങള്‍ സൂക്ഷിക്കണം,’ നോട്ടീസില്‍ വ്യക്തമാക്കുന്നു.
ദല്‍ഹിയിലെ കലാപത്തില്‍ ഇരകളായവര്‍ക്ക് അഭയം നല്‍കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ തയ്യാറാണെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 26ന് ട്വീറ്റ് ചെയ്തിരുന്നു.
‘സഹായം ആവശ്യമായി വരുന്നവര്‍ക്ക് ജെ.എന്‍.യു ക്യാംപസും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസും തുറന്നുകൊടുക്കുന്നതായിരിക്കും’എന്നായിരുന്നു ട്വീറ്റ്.