national news
ജെ.എന്‍.യുവില്‍ മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എ.ഐ.എസ്.എഫ്; സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്ന് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 17, 03:49 am
Tuesday, 17th December 2024, 9:19 am

ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാത്ഥികള്‍ക്ക് നേരെ ദല്‍ഹി പൊലീസ് നടത്തിയ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ജെ.എന്‍.യുവിലെ സി.പി.ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. പിന്നാലെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ മുന്നറിയിപ്പ്. മോദിക്കെതിരായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് ക്യാമ്പസിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

ഇന്ന് രാത്രി (17.12.24) ഗംഗാ ധാബയില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എ.ഐ.എസ്.എഫ്) നേതൃത്വത്തില്‍ ‘ഇന്ത്യ- ദ മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാലയുടെ നിര്‍ദേശം.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായാണ് പ്രദര്‍ശനമെന്നുമാണ് സര്‍വകലാശാല പറയുന്നത്.

പരിപാടിയുമായി മുന്നോട്ട് പോകരുതെന്നും ലഘുലേഖയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനും സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

’17/12/24ന് രാത്രി ഒമ്പത് മണിക്ക് ഗംഗാ ധാബയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം ഷെഡ്യൂള്‍ ചെയതതായി ശ്രദ്ധയില്‍പെട്ടു. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ഐ.എച്ച്.എയില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത് സര്‍വകലാശാല ക്യാമ്പസിന്റെ സാമുദായിക സൗഹാര്‍ദത്തെയും സമാധാന അന്തരീക്ഷത്തിനും ഭംഗം വരുത്തും,’ സര്‍വകലാശാല പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. മുന്നറിയിപ്പ് ലംഘിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ലഘുലേഖയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ ഡോക്യുമെന്ററി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഓണ്‍ ട്രയല്‍ ഗ്രൂപ്പ് ബി.ബി.സിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2023 ജനുവരിയില്‍ യു.കെയിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

പ്രക്ഷേപണം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം, ബി.ബി.സിയുടെ ദല്‍ഹി ഓഫീസുകള്‍ ഇന്ത്യന്‍ ആദായനികുതി അധികാരികള്‍ റെയ്ഡ് ചെയ്യുകയും ഏപ്രിലില്‍ വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ബ്രോഡ്കാസ്റ്ററിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

Content Highlight: JNU warns students against screening BBC documentary against Modi