ദില്ലി:വേശ്യയെന്നു വിളിക്കുമ്പോഴല്ല, മറിച്ച് സംഘിയെന്ന് വിളിക്കുമ്പോഴാണ് തങ്ങള്‍ കൂടുതല്‍ അപമാനിതരാകുകയെന്ന് ജെ.എന്‍.യു യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഷഹല റാഷിദ്. ജെ.എന്‍.യുവില്‍ ദിവസവും 3000ത്തോളം കോണ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും രാത്രി വിദ്യാര്‍ത്ഥികള്‍ നഗ്നനൃത്തമാടുക പതിവാണെന്നുമുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജയുടെ പരാമര്‍ശത്തിനെതിരെ ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു ഷഹല.
ബി.ജെ.പി.നേതാക്കള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളെ വേശ്യകളെന്നാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗിക തൊഴിലാളികളെ ബഹുമാനിക്കുന്നവരാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍. അതുകൊണ്ടു തന്നെ ഇത്തരം പ്രയോഗങ്ങള്‍ അപമാനമായി തോന്നുന്നില്ലെന്നും എന്നാല്‍ സംഘിയെന്നു വിളിച്ചാല്‍ അപമാനിക്കപ്പെടുമെന്നും ഷഹലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ബി.ജെ.പിക്കാരുടെ ഇത്തരം പരാമര്‍ശങ്ങളെ കുറിച്ച് എ.ബി.വി.പി വിദ്യാര്‍ത്ഥിനികളുടെ നിലപാടെന്താണെന്നറിയാന്‍ താല്പര്യമുണ്ടെന്നും ജെ.എന്‍.യു യൂണിയന്‍ വൈസ് ചെയര്‍മാന്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എല്‍എ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കാമ്പസില്‍ പ്രതിദിനം 3000ത്തോളം ഗര്‍ഭ നിരോധന ഉറകളും 500ഓളം ഗര്‍ഭഛിദ്രത്തിനുള്ള സിറിഞ്ചുകളും കാണപ്പെടുന്നുവെന്ന് അഹൂജ പറഞ്ഞു. കൂടാതെ മാലിന്യങ്ങള്‍ക്കൊപ്പമുള്ള മാംസത്തിന്റെ അവശിഷ്ടങ്ങളും, മയക്കുമരുന്ന് പൊതിഞ്ഞുകൊണ്ടു വരുന്ന കടലാസുകളുടെയും മദ്യക്കുപ്പികളും ,ബിഡികളും സിഗരറ്റുകളും എന്നുവേണ്ട, ജെ.എന്‍.യു കാമ്പസില്‍ കാണപ്പെടുന്ന ചിപ്‌സ് പാക്കറ്റിന്റെ എണ്ണമടക്കം എല്ലാം ഈ ബി.ജെ.പി എം.എല്‍.എ അക്കമിട്ടു നിരത്തുകയുണ്ടായി. കൂടാതെ, രാത്രി 8മണി കഴിഞ്ഞാല്‍ കാമ്പസില്‍ എല്ലാവരും ലഹരിയിലായിരിക്കുമെന്നും ഇദ്ദേഹം വിവാദപ്രസ്താവിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ലഹരിയില്‍ നഗ്നനൃത്തമാടുകയും മറ്റുള്ളവര്‍ അത് ആസ്വദിക്കുകയും ചെയ്യും. ഇത്തരത്തിലുള്ളതാണ് ജെ.എന്‍.യു ജീവിതമെന്നും അഹൂജ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.
ഇതിനെതിരെയാണ് ജെ.എന്‍.യു വൈസ് പ്രസിഡണ്ട് ഫെയ്‌സ് ബുക്കിലൂടെ ഷഹല പ്രതികരണവുമായി രംഗത്തുവന്നത്. ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തെമ്പാടും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.