സംഭവം നടക്കുമ്പോള്‍ ക്യാമ്പസിലുണ്ടായിരുന്നു, മുഖം മറച്ചെത്തിയത് വിദ്യാര്‍ത്ഥികള്‍ തന്നെ; ജെ.എന്‍.യു വൈസ് ചാന്‍സലര്‍
JNU
സംഭവം നടക്കുമ്പോള്‍ ക്യാമ്പസിലുണ്ടായിരുന്നു, മുഖം മറച്ചെത്തിയത് വിദ്യാര്‍ത്ഥികള്‍ തന്നെ; ജെ.എന്‍.യു വൈസ് ചാന്‍സലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 8:48 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് എം. കുമാര്‍.

സംഭവം നടക്കുന്ന സമയത്ത് താന്‍ ക്യാമ്പസിലുണ്ടായിരുന്നെന്നും കൃത്യസമയത്ത് നടപടിയെടുത്തില്ലെന്ന ആരോപണങ്ങളെല്ലാം പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘100 – 120 വരെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ആക്രമണത്തിനെന്ന പോലെ ഹോസ്റ്റലിലേക്ക് നടന്നടക്കുന്നതായുള്ള വിവരം വൈകീട്ട് നാലരയോടെയാണ് ഞാനറിയുന്നത്. ‘ ജഗദീഷ് പറഞ്ഞു.

ഉടന്‍ തന്നെ അവിടേക്ക് ക്യാമ്പസിലെ സെക്യൂരിറ്റിയെ അയച്ചു. അക്രമസംഭവങ്ങള്‍ കൂടി നടക്കാന്‍ തുടങ്ങിയെന്ന് അറിഞ്ഞതോടെ അഞ്ച് മണിയോടെ പൊലീസിനെ അറിയിച്ചുവെന്നും ജഗദീഷ് പറഞ്ഞു.

അക്രമികളുടെ സംഘത്തില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നെന്ന് അറിയിച്ച ജഗദീഷ് ഏത് സംഘടനയില്‍ നിന്നുള്ളവരായിരുന്നു അവരെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല. എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എനിക്ക് ഒരു പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമം നടന്നതിന്റെ തലേ ദിവസം മുഖം മറച്ചെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ ഉപദ്രവിക്കുകയും ക്യാമ്പസിനകത്തെ ഒരു ഡാറ്റാ സെന്റര്‍ അടപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി അഞ്ചിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വ്യാപക അക്രമമായിരുന്നു നടന്നത്. ഹോസ്റ്റലുകളില്‍ കയറിച്ചെന്ന് പോലും വിദ്യാര്‍ത്ഥകളെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വൈസ് ചാന്‍സലര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞതെല്ലാം മറക്കാമെന്നും വിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജഗദീഷ് കുമാര്‍ പ്രസ്താവനയിറക്കിയിരുന്നു.

DoolNews Video