| Tuesday, 23rd August 2022, 12:28 pm

'ദൈവങ്ങള്‍ ഒന്നും ബ്രാഹ്‌മണരല്ല, പരമശിവന്‍ പട്ടികജാതിക്കാരനായിരിക്കാം': ജെ.എന്‍.യു വൈസ് ചാന്‍സലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി സംബന്ധമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ദൈവങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരല്ലെന്ന പരാമര്‍ശവുമായി ജെ.എന്‍.യു വൈസ് ചാന്‍സലര്‍. നരവംശശാസ്ത്രപരമായി (Anthropology) ദൈവങ്ങള്‍ ഉയര്‍ന്ന ജാതിക്കാരാകില്ലെന്നും ശിവന്‍ പട്ടികജാതിക്കാരനായിരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദൈവങ്ങളില്‍ ഉയര്‍ന്നത് ക്ഷത്രിയരാണ്. ശിവഭഗവാന്‍ താഴ്ന്ന ജാതിക്കാരനാകാനാണ് സാധ്യത കാരണം ശിവന്‍ ശ്മശാനത്തില്‍ ഇരിക്കുന്നതാണ് കാണാറുള്ളത്. ബ്രാഹ്‌മണന്‍ അങ്ങനെ ചെയ്യാന്‍ സാധ്യതയില്ലെന്നും വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.

രാജസ്ഥാനില്‍ ഉയര്‍ന്ന ജാതിയില്‍പെട്ട അധ്യാപകര്‍ക്ക് വേണ്ടി സ്ഥാപിച്ച കുടത്തില്‍ നിന്നും വെള്ളം കുടിച്ചതിന് രാജസ്ഥാനില്‍ ദളിത് വിദ്യര്‍ത്ഥി അധ്യാപകരുടെ മര്‍ദനത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു ശാന്തിശ്രീയുടെ പരാമര്‍ശം.

‘നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്‌മണനല്ല. ഏറ്റവും ഉയര്‍ന്നത് ക്ഷത്രിയനാണ്. പരമശിവന്‍ ഒരു പട്ടികജാതിക്കാരനോ പട്ടികവര്‍ഗമോ ആയിരിക്കണം. കാരണം അദ്ദേഹം ഒരു ശ്മശാനത്തില്‍ പാമ്പിനൊപ്പം ഇരിക്കുന്നതാണ് പതിവായി കാണാറുള്ളത്. പരമശിവന് വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ഉള്ളൂ ധരിക്കാന്‍. ബ്രാഹ്‌മണര്‍ക്ക് സെമിത്തേരിയില്‍ ഇരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ ശാന്തിശ്രീ പറഞ്ഞു.

ഡോ. ബി.ആര്‍. ആംബേദ്കറിന്റെ ‘തോട്‌സ് ഓണ്‍ ജെന്‍ഡര്‍ ജസ്റ്റിസ്; ഡീക്കോഡിങ് ദി യൂണിഫോം സിവില്‍ കോഡ് (Ambedkar’s thoughts on Gender Politics; Decoding the Uniform Civil Code) എന്ന ലെക്ചര്‍ സീരിസിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ പരാമര്‍ശം.

മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകള്‍ക്കും ശുദ്രപദവിയാണ് നല്‍കിയിരിക്കുന്നതെന്നും ശാന്തിശ്രീ കൂട്ടിച്ചേര്‍ത്തു. ഇത് പിന്തിരിപ്പന്‍ അഭിപ്രായമാണെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ എല്ലാവരോടുമായി പറയുകയാണ്. മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശുദ്രരാണെന്നാണ്
പറയുന്നത്. അങ്ങനെയാണെങ്കില്‍ തങ്ങള്‍ ബ്രാഹ്‌മണരാണെന്ന് വാദിക്കാന്‍ അവര്‍ക്ക് അവകാശമില്ല. വിവാഹത്തിന് ശേഷമായിരിക്കും ഭര്‍ത്താവിന്റെയോ പിതാവിന്റേയോ ജാതി ലഭിക്കുക. ഇത് വളരെ പിന്തിരിപ്പന്‍ അഭിപ്രായമായാണ് എനിക്ക് തോന്നുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

നരവംശശാസ്ത്രപരമായി ലക്ഷ്മിയും ശക്തിയും ജഗന്നാഥ് ഉള്‍പ്പെടെയുള്ള ദൈവങ്ങള്‍ ഉയര്‍ന്ന ജാതിയില്‍ നിന്ന് വന്നവരല്ല. ജഗന്നാഥന് ആദിവാസി പാരമ്പര്യമുണ്ടെന്നും ശാന്തിശ്രീ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെയെങ്കില്‍, അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഈ വിവേചനം ഇപ്പോഴും തുടരുന്നത് എന്തുകൊണ്ടാണ്? ബാബാസാഹെബിന്റെ ചിന്തകളെ പുനക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ആധുനിക ഇന്ത്യയില്‍ ഇത്രയും വലിയ ചിന്തകനായ ഒരു നേതാവും നമുക്കില്ല.

ഹിന്ദുത്വം ഒരു മതമല്ല, അതൊരു ജീവിതരീതിയാണ്. അതൊരു ജീവിതരീതിയാണെങ്കില്‍ പിന്നെ എന്തിനാണ് വിമര്‍ശനങ്ങളെ പേടിക്കുന്നത്,’ അവര്‍ ചോദിച്ചു.

Content Highlight: JNU vice chancellor claims that gods arenot bhrahmins and lord siva might be from sc/st category

We use cookies to give you the best possible experience. Learn more