| Thursday, 25th April 2024, 5:57 pm

ഹിജാബ് ധരിക്കേണ്ടവര്‍ അത് ധരിക്കട്ടെ അത് അവരുടെ ഇഷ്ടമാണ്: ജെ.എന്‍.യു വൈസ് ചാന്‍സലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു മതത്തിനോ, വേഷവിഷവിധാനത്തിനോ, ഭാഷക്കോ ഏകരൂപം നല്‍കാന്‍ ആവില്ലെന്ന് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ഡി. പണ്ഡിറ്റ്. ത്രിഭാഷാ പദ്ധതിയെക്കുറിച്ചു സംസാരിക്കാന്‍ മാത്രം വിവരം ഇല്ലാത്തവര്‍ ആയിരുന്നില്ല നെഹ്രുവും ഇന്ദിരയും എന്നും അവര്‍ പറഞ്ഞു. പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്.

ഇന്ത്യയില്‍ ഒരു ഭാഷ മാത്രം, അതായത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമം ആണ് നടക്കുന്നത്. ഭാഷ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയം ആണ്. അതുപോലെ ഏതെങ്കിലും ഒരു മതം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനും സാധിക്കില്ല. പക്ഷേ പലരും അതിനു ചുക്കാന്‍ പിടിക്കുന്നു, ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.

ത്രി ഭാഷ പദ്ധതിയിലൂടെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയോടും, ഇംഗ്ലീഷിനോടും ഒപ്പം ഒരു ദക്ഷിണേന്ത്യന്‍ ഭാഷ കൂടി പഠിപ്പിക്കണം എന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവരുടെ പ്രാദേശിക ഭാഷയോടൊപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കുക എന്നതുമാണ് ത്രി ഭാഷ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തിലും ശാന്തിശ്രീ തന്റെ നിലപാട് പറഞ്ഞു. ‘ഞാന്‍ ഒരു ഡ്രസ്സ് കോഡിനെയും പിന്തുണക്കില്ല. കാരണം ഒരാള്‍ക്ക് ഹിജാബ് ധരിക്കാന്‍ തോന്നിയാല്‍ അവര്‍ ധരിക്കട്ടെ, അത് അവരുടെ ഇഷ്ടമാണ്, എന്ത് ധരിക്കണമെന്നത്. ആര്‍ക്കും അവരെ നിര്‍ബന്ധിക്കാന്‍ അവകാശമില്ല’, അവര്‍ പറഞ്ഞു.

2022 ഫെബ്രുവരിയില്‍ കര്‍ണ്ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഹിജാബ് നിരോധിക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു. അതിനു മുന്‍പ് 2021 ല്‍ ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ച എത്തിയ പെണ്‍കുട്ടിക്ക് എതിരെ സഹപാഠികള്‍ സമരം നടത്തുകയും തുടര്‍ന്ന് ഇന്ത്യയില്‍ പലയിടത്തേക്കും ഇത് വ്യാപിക്കുകയും ചെയ്തു.

ഈ നിരോധനം ശരിവെച്ച കര്‍ണാടക ഹൈകോടതി വിധിയെ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തു. ഈ വിധി പിന്നീട് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഭാവി നടപടിയെകുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി വിഷയം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിന് വിടാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

എന്നാല്‍ സുപ്രീം കോടതി ഇത് വരെ ബെഞ്ചിനെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയതിനു ശേഷം ഹിജാബ് നിരോധനം തങ്ങളുടെ പാര്‍ട്ടി പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. അതിന്റെ ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല.

JNU VC says uniformity in religion, language cannot be imposed

We use cookies to give you the best possible experience. Learn more