| Wednesday, 13th April 2022, 9:03 pm

ജെ.എന്‍.യുവിലെ 95 ശതമാനം വിദ്യാര്‍ത്ഥികളും ദേശസ്നേഹികള്‍: വൈസ് ചാന്‍സലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പഠിക്കുന്നവരില്‍ 95 ശതമാനം വിദ്യാര്‍ത്ഥികളും ദേശസ്നേഹികളാണെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വികാരങ്ങള്‍ യുക്തിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതായും വി.സി പറഞ്ഞു.

രാമനവമി ആഘോഷങ്ങള്‍ക്കിടെ സര്‍വകലാശാലയില്‍ എ.ബി.വി.പി നടത്തിയ ആക്രമണ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു വി.സി. പൊതുജനങ്ങള്‍ കരുതുന്നത് പോലെ ജെ.എന്‍.യുവിലുള്ളവര്‍ ടുക്കഡെ ടുക്കഡെ അല്ലെന്നും അവര്‍ പറഞ്ഞു.

പഴയതില്‍ നിന്ന് സര്‍വകലാശാല മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. താന്‍ ഇവിടെ പഠിക്കുമ്പോഴും ഇടത് രാഷ്ട്രീയം ഉണ്ടായിരുന്നു. എന്നാല്‍ അന്നത് രാജ്യവിരുദ്ധമായിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇരു വിഭാഗം വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തി. അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പറഞ്ഞു. വിദ്യാര്‍ഥികള്‍ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം, കാരണം ഞാന്‍ നാനാത്വത്തിലാണ് വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണമെന്നും വി.സി. പറഞ്ഞു.

ഇവിടെ വരുന്ന വിദ്യാര്‍ത്ഥികളില്‍ 95 ശതമാനം പേരും ദേശസ്നേഹികളാണ്. വിവിധ വിഭാഗക്കാര്‍ വരുന്നതിനാല്‍ ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. ജെ.എന്‍.യുവിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ മാധ്യമങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. അതിനാല്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അവര്‍ പറഞ്ഞു.

ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് ജെ.എന്‍.യു. മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടതു ആവശ്യമാണ്. ജെ.എന്‍.യു ആശയങ്ങളുടെ പോരാട്ട ഭൂമിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  ‘JNU VC Santishree Dhulipudi Pandit says university clash probe ‘impartial’

We use cookies to give you the best possible experience. Learn more