ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് പരിണാമ സിദ്ധാന്തവും പീരിയോഡിക്ക് ടേബിളും ഗാന്ധിവധവും മുഗള്‍ ഭരണവുമെല്ലാം ഒഴിവാക്കിയതിനെ ന്യായീകരിച്ച് ജെ.എന്‍.യു. വൈസ് ചാന്‍സ്‌ലര്‍ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്.
കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നും വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് പരിഷ്‌കരണമെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസിന് വേണ്ടി എഴുതിയ ലേഖനത്തില്‍ ശാന്തിശ്രീ വാദിച്ചു.
‘വിദേശ മാധ്യമങ്ങളടക്കം പരിഷ്‌കരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് പടച്ചുവിടുന്നത്. അല്‍ ജസീറ, ഡ്യൂഷെ വെല്ലെ, പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചര്‍ എന്നിവയിലൂടെ വ്യാജവാര്‍ത്തകള്‍ക്ക് ആഗോളശ്രദ്ധ ലഭിച്ചിരുന്നു.
ഇതിലൂടെ വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ മോശം പ്രതിച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുകയേയുള്ളൂ,’ ശാന്തിശ്രീ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല, രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് സംശയം സൃഷ്ടിക്കുകയും ചെയ്തുവെന്നും ശാന്തിശ്രീ ചൂണ്ടിക്കാട്ടി.
‘രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിഷേധാത്മക പ്രതിച്ഛായ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. പീരിയോഡിക്ക് ടേബിള്‍ 11-ാം ക്ലാസിലെയും പരിണാമസിദ്ധാന്തം 12-ാം ക്ലാസിലെയും പുസ്തകത്തിലുണ്ട്. മൗലാനാ ആസാദിനെക്കുറിച്ചുള്ള പരാമര്‍ശം നേരത്തെ തന്നെ ഒഴിവാക്കപ്പെട്ടതാണ്,’ ജെ.എന്‍.യു. വി.സി. ശാന്തിശ്രീ പറഞ്ഞു.