ന്യൂദല്‍ഹി: ദല്‍ഹിയിലെ ജെ.എന്‍.യുവില്‍ വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാര്‍ എത്തിയത് ക്യാംപസിന്റെ പൊതു സ്വഭാവങ്ങളില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണെന്ന് മാനവവിഭവശേഷി വകുപ്പ്.
നവംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിലാണ് മാനവവിഭവശേഷി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ച സംഭവം വിവാദമായതോടെയാണ് മാനവവിഭശേഷി വകുപ്പ് പ്രധാനമന്ത്രിക്കയച്ച കത്തും വിവാദമാകുന്നത്.
ജെ.എന്‍.യുവില്‍ മാറ്റം അനിവാര്യമാണെന്നും, അത് സാവകാശം പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ നടപ്പിലാക്കണമെന്നും മാനവിഭശേഷി വകുപ്പിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2016ല്‍ വൈസ്ചാന്‍സലറായി ചുമതലയേറ്റ ജഗദേഷ് കുമാര്‍ ഇതിനോടകം തന്നെ വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ജെ.എന്‍.യു വി.സി ക്യാംപസിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചതാണ്. ഇതിനോട് ശരിവെക്കുന്നതാണ് മാനവവിഭശേഷി വകുപ്പിന്റെ കത്ത്. ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.