| Thursday, 22nd March 2018, 7:09 pm

സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജെ.എന്‍.യു സമരത്തിലേക്ക്; അധ്യാപകരും വിദ്യാര്‍ത്ഥികളും പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) വിദ്യാര്‍ത്ഥികളും അധ്യാപകരും സംയുക്തസമരത്തിലേക്ക്. കലാലയത്തില്‍ ഏകാധിപത്യ, വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തി വിജയിപ്പിച്ച ലോങ്മാര്‍ച്ചില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നാളെ ജെ.എന്‍.യുവില്‍ നിന്നും പാര്‍ലമെന്റ് വരെ കാല്‍നട മാര്‍ച്ച് നടത്തും.

വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുജന പിന്തുണ ആര്‍ജ്ജിക്കുക, ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് പ്രാപ്യമാകും വിധം സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവേശനം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ പ്രധാനമായി ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുക. ദല്‍ഹി സര്‍വ്വകലാശാല, ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാല, അംബേദ്കര്‍ സര്‍വ്വകലാശാല തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ദല്‍ഹിയിലെ സാമൂഹ്യ പ്രവര്‍ത്തകരും കാല്‍നട മാര്‍ച്ചില്‍ പങ്കാളികളാകും.


Also Read: തീയേറ്ററില്‍ താഴെ വീണ ഫോണ്‍ എടുക്കുന്നതിനിടെ സീറ്റിനിടയില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം 


നേരത്തേ ഈ മാസം 16 മുതല്‍ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. അധ്യാപക സംഘടനയായ ജെ.എന്‍.യു.ടി.എയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. ചര്‍ച്ചകള്‍ക്കുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് അധ്യാപകര്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നേരത്തേ ലൈംഗികാതിക്രമം ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ആരോപണമുയര്‍ന്ന അധ്യാപകന്‍ അതുല്‍ ജോഹ്രിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. സര്‍വ്വകലാശാലയിലെ നൂറിലധികം വരുന്ന വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


ഡൂള്‍ന്യൂസ് വീഡിയോ സ്റ്റോറി: നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ രക്ഷിക്കുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more