'ആ മാസ്‌ക് ധരിച്ചവരില്‍ ഒരാളായിരുന്നില്ല ഞാന്‍'; ദല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി അയ്ഷി ഘോഷ്
JNU
'ആ മാസ്‌ക് ധരിച്ചവരില്‍ ഒരാളായിരുന്നില്ല ഞാന്‍'; ദല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി അയ്ഷി ഘോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2020, 12:01 am

ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെ വെല്ലുവിളിച്ച് ജെ.എന്‍.യു സര്‍വകലാശാലയില്‍ നടന്ന അക്രമങ്ങളില്‍ ഗുരതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ്. തനിക്കെതിരായ ആരോപണങ്ങള്‍ സാധിക്കുമെങ്കില്‍ നിയമപരമായി കോടതി വഴി തെളിയിക്കൂ എന്നാണ് അയ്ഷി ഘോഷ് പറഞ്ഞത്.

‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല, ഞാന്‍ അത് ബാധിച്ചവരില്‍ ഒരാളാണ് എന്റെ രക്തം കുതിര്‍ന്ന വസ്ത്രങ്ങള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,’ അയ്ഷി ഘോഷ് പറഞ്ഞു.

ഞായറാഴ്ച ജെ.എന്‍.യു ക്യാംപസില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായി തന്റെയും പേര് ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മറുപടിയുമായി അയ്ഷി ഘോഷ് രംഗത്തെത്തിയത്.

‘എനിക്ക് നിയമസംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ ഒരു അന്യായവും കാണിച്ചിട്ടില്ല. ദല്‍ഹി പൊലീസ് ഞങ്ങളുടെ വീഡിയോ പുറത്തുവിടട്ടെ. ഞങ്ങള്‍ ഇങ്ങനെ പ്രതികളാവില്ലായിരുന്നു. ഞങ്ങളുടെ അധികാരികളാരും ഒരു തെറ്റും ചെയ്തിട്ടില്ല,’ അയ്ഷി പറഞ്ഞു.

ജനുവരി അഞ്ചിന് ആള്‍ക്കൂട്ടാക്രമണം ഉണ്ടാവുന്നതിന് മുമ്പ് നടന്ന സംഘര്‍ഷങ്ങളെ ചൂണ്ടിക്കാണിച്ചാണ് അയ്ഷി ഘോഷ് ഉള്‍പ്പെടെ ഒമ്പതു പേരെ പ്രതികളായി പൊലീസ് പറയുകയായിരുന്നു.

പൊലീസ് പ്രതിചേര്‍ത്തവരില്‍ അയ്ഷി വിദ്യര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും യോഗേന്ദ്ര ഭരദ്വാജും വികാസ് പട്ടേലും എ.ബി.വി.പി പ്രവര്‍ത്തകരാണ്.

എന്നാല്‍ അന്നേദിവസം നടന്ന ആള്‍ക്കൂട്ടാക്രമണത്തില്‍ തലയ്ക്കും കൈയ്യിനും ഗുരുതരമായി പരിക്കേറ്റ അയ്ഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ അടിച്ചു തകര്‍ത്ത കൂട്ടത്തില്‍ രണ്ടുതവണ അയ്ഷിയുമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒന്ന് മുമ്പ് നടന്ന ദിവസത്തെ അക്രമത്തിലും രണ്ട് അന്നേദിവസം രാവിലെ നടന്ന അക്രമത്തിലും അയ്ഷിയ്ക്ക് പങ്കുണ്ടെന്നാണ് ദല്‍ഹി പൊലീസ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയ്ഷിയും ഇടതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്താന്‍ വേണ്ടി മുഖം മൂടി ധരിച്ച് മുറി ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇനിയും സമാധാനപരമയി പ്രതികരിക്കുമെന്നും പ്രതിഷേധം തുടരുമെന്നും അയ്ഷി ഊന്നി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് ദല്‍ഹി പൊലീസിന്റെ നിയന്ത്രണമെന്നും അയ്ഷി പറഞ്ഞു.

‘ദല്‍ഹി പൊലീസിനോട് പ്രതികരിക്കണ്ടെന്ന് പറഞ്ഞത്. അകത്തേക്ക് കടക്കാതെ മണിക്കൂറുകളവര്‍ പുറത്തു നിന്നു, വി.സി ഇതിനൊക്കെ സമ്മതം നല്‍കുകയുമായിരുന്നു. അദ്ദേഹം ഒരു എ.ബി.വി.പി ഏജന്റിനെപോലെയായിരുന്നു പ്രവര്‍ത്തിച്ചത്,’ അയ്ഷി ഘോഷ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാംപസില്‍ അക്രമം നടക്കുന്ന സമയത്ത് ദല്‍ഹി പൊലീസിന്റെ നടപടി ഏറെ വിവാദമായിരുന്നു. വിദ്യാര്‍ത്ഥികളെ മുഖം മൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുമ്പോഴും പൊലീസ് ക്യാംപസിന് പുറത്ത് നില്‍ക്കുകയായിരുന്നു.

ചിത്രം കടപ്പാട്: എന്‍.ഡി.ടി.വി