| Monday, 6th January 2020, 1:50 pm

'അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പൊലീസിനോട് പറഞ്ഞതാണ്'; പൊലീസ് ഇടപെടല്‍ നടത്തിയില്ലെന്നും ഐഷേ ഗോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അക്രമത്തില്‍ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്.

അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നതായി ഐഷേ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ഐഷേ ഗോഷിന്റെ പ്രതികരണം.

” ഏതാണ്ട് രണ്ടരയോടെ ഞങ്ങള്‍ പൊലീസിനോട് പറഞ്ഞതാണ് ഞങ്ങള്‍ തീരെ സുരക്ഷിതരല്ല എന്ന്. കാരണം കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷേ യാതൊരു ഇടപെടലും പൊലീസ് നടത്തിയില്ല.” അവര്‍ പറഞ്ഞു.

” ഞങ്ങള്‍ ഫീസ് വര്‍ദ്ധനവിനെതിരെ സമാധാനപരമായി സമരംനടത്തുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങളെ ലക്ഷ്യംവെച്ച് മുഖംമൂടിവെച്ച ആളുകള്‍ അക്രമം നടത്തിയത്ത്” ഐഷേ പറഞ്ഞു.
സബര്‍മതി ഹോസ്റ്റലിന് സമീപത്തുവെച്ചാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്നും അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ഇരുമ്പ് ദണ്ഡ്‌കൊണ്ട് ഞാന്‍ ആക്രമിക്കപ്പെട്ടു. ഒരുപാട് രക്തം വാര്‍ന്നുപോയി.അടുത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത്” ഐഷേ പറഞ്ഞു.

ആക്രമണത്തില്‍ ജെ.എന്‍.യു വി.സി ജഗദേഷ് കുമാറിനെ വിമര്‍ശിച്ച ഐഷേ ജഗദേഷ് ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ഐഷേ ഗോഷിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

”രാജ്യത്താകെ അരക്ഷിതാവസ്ഥയാണ് ഇന്ന് എന്റെ മകള്‍ക്കാണ് മര്‍ദ്ദനമേറ്റതെങ്കില്‍ നാളെ അവളുടെ സ്ഥാനത്ത് ഞാനോ മറ്റാരെങ്കിലുമാകാം. എങ്കിലും മകളെ പ്രക്ഷോഭത്തില്‍ നിന്ന് തിരികെ വിളിക്കില്ല.” എന്നാണ് ഐഷേ ഗോഷിന്റെ അച്ഛന്‍ പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more