| Friday, 21st October 2016, 10:43 pm

ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനം; ആഭ്യന്തര മന്ത്രാലത്തിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് ജന്ദര്‍ മന്തറിനടുത്തു വച്ച് പൊലീസ് തടയുകയായിരുന്നു.


ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിയും ഐസ പ്രവര്‍ത്തകനുമായ നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ പ്രക്ഷോഭം കനക്കുന്നു. നജീബിനെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലത്തിലേക്ക് മാര്‍ച്ച് നടത്തിയ 150ഓളം ജെ.എന്‍.യു വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് ജന്ദര്‍ മന്തറിനടുത്തു വച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ട് വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് മാറ്റിയത്.

ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് മോഹിത് പാണ്ഡെ, മുന്‍ യൂണിയന്‍ വൈസ് പ്രസിഡണ്ട് ഷെഹലാ റാഷിദ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഹിത് പാണ്ഡെയെ പൊലീസ് പിന്നീട് വിട്ടയച്ചു.

ഏഴു ദിവസമായിട്ടും നജീബിനെ കണ്ടെത്താനായിട്ടില്ല. കോളേജ് ഹോസ്റ്റലിന്റെ സീനിയര്‍ വാര്‍ഡന്റെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുമ്പില്‍ വെച്ചാണ് നജീബ് ആക്രമിക്കപ്പെട്ടത്. എല്ലാ ദൃക്‌സാക്ഷികളും ആക്രമിച്ചവര്‍ക്കെതിരെ മൊഴി നല്‍കിയിട്ടും അവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും മോഹിത് പാണ്ഡെ പറഞ്ഞു.

ഇതിനിടെ ആരുടെ പേരിലും നടപടിയെടുക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും തനിക്ക് തന്റെ മകനെ തിരിച്ചുതന്നാല്‍ മാത്രം മതിയെന്നും വ്യക്തമാക്കി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ രംഗത്തെത്തി.

ഐസ പ്രവര്‍ത്തകനും എം.എസ്.സി ബയോടെക്‌നോളജി ആദ്യ വര്‍ഷ വിദ്യാര്‍ഥിയുമായ നജീബിനെ മാണ്ഡവി ഹോസ്റ്റലില്‍ വെച്ച്  കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കാണാതാവുന്നതിനു തൊട്ടുമുമ്പ് എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നജീബിനെ മര്‍ദ്ദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more