ന്യൂദല്‍ഹി: ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച നടത്തിയ ശക്തമായ പ്രതിഷേധവും അതിനെ തല്ലിയൊതുക്കാനുള്ള പൊലീസ് ശ്രമവും നടക്കവെ 42 വര്‍ഷം മുന്‍പുള്ള ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അന്നത്തെ ജെ.എന്‍.യു ചാന്‍സലര്‍ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി കൂടിയായ ഇന്ദിരാ ഗാന്ധിയെ താഴെയിറക്കാനായി അക്കാലത്തെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലം പിന്നിട്ട് മാസങ്ങള്‍ക്കുള്ളിലാണ് അതേര്‍പ്പെടുത്തിയ ഇന്ദിരക്കെതിരെ പ്രതിഷേധം നടന്നത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു പ്രതിഷേധം.
ഇന്നത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി കൂടിയായ യെച്ചൂരിയും ഇന്ദിരയും അടക്കമുള്ളവര്‍ നില്‍ക്കുന്ന ചിത്രമാണു വ്യാപകമായി പ്രചരിക്കുന്നത്. ഇതാണ് ജെ.എന്‍.യുവിന്റെ പോരാട്ട പാരമ്പര്യമെന്നായിരുന്നു ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് നിസാം അസഫ് ട്വീറ്റ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1977-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ചാന്‍സലര്‍ സ്ഥാനത്തു നിന്നിറങ്ങാന്‍ വിസ്സമതിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലേക്കു തിരിഞ്ഞത്. അതിനിടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഡോ. ബി.ഡി നാഗ്ചൗധരി രാജിവെച്ചിരുന്നു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നായിരുന്നു ഇത്.