തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മംഗളം പത്രത്തിനെതിരെ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ കത്ത്. മംഗളം പത്രത്തിന്റെ ഭാഷ ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റേതിനു സമാനമാണെന്നും ഇത്തരമൊരു പത്രത്തില്‍ വി.എസ് എഴുതുന്ന കോളം തുടരണമോ എന്നതിനെപ്പറ്റി പുനര്‍വിചിന്തനം നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ വി.എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി മാധ്യമധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും താക്കീതാകുന്നതാകട്ടെ താങ്കളുടെ മറപുടിയെന്നു പ്രതീക്ഷിക്കുന്നതായും കത്തില്‍ വിദ്യാര്‍ഥികള്‍ പറയുന്നു.
“ജെ.എന്‍.യുവില്‍ നടന്നത് ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ് : ഡി. രാജയുടെ മകള്‍ക്ക് ഐ.എസ്. അനുകൂലിയുമായി ഉറ്റബന്ധം” എന്ന തലക്കെട്ടില്‍ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരിക്കുന്നത്. യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ജെ.എന്‍.യുവിലെ ഒരു ഇടത് രാഷ്ട്രീയ പ്രവര്‍ത്തകനെ, മുസ്‌ലിം ആണെന്നതിന്റെ മാത്രം പേരില്‍, ഇസിസ് അനുയായിയെന്ന് ആരോപിക്കുന്നതോടൊപ്പം മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പേര്, തന്റെ മാതാപിതാക്കളുടെ രാഷ്ട്രീയത്തിന്റെ പേരില്‍, ഇതിലേക്ക് വലിച്ചിഴക്കുകയുമാണ് മംഗളം പത്രം ചെയ്തിരിക്കുന്നതെന്ന് കത്തില്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മി മരികാര്‍, ലക്ഷ്മി കൃഷ്ണകുമാര്‍, ആര്‍.എസ്. വസീം, ബാലകൃഷ്ണന്‍, അപര്‍ണാ ഈശ്വരന്‍, അഖിലേഷ് ശ്രീധരന്‍, സന്ദീപ് കെ. ലെവിസ്, വി. അരുണ്‍കുമാര്‍, മീര ഗോപകുമാര്‍, പി. അശ്വതി, കെ.പി ഫര്‍സീന, അബ്ദുല്‍ ബസിത്, സമീര്‍, വാണി, രൗഷന്‍, നിതിന്‍ കൃഷ്ണന, കാതു ലൂക്കോസ്, അലി ഷാഹിദ്, മുനീര്‍, നിസാം, അമല്‍, ആര്‍ദ്ര നീലകണ്ഠന്‍, നജീബ്, വിഷ്ണു വിജയന്‍, ഇ.എ ഇബ്രാഹിം, എച്ച്.എസ് സൂരജ്, രസ്‌ന ജവഹര്‍, എ. സുധീഷ്, സുമേഷ്, ഇ. ആതിര, അബ്ദുല്‍ മജീദ്, മുഹമ്മദ് അര്‍ഷാദ്, സി.വി മീന, എ.എസ് ശരണ്യ, എം.കെ നൗഷാദ്, സ്റ്റഫിന്‍, കെ.ആര്‍ അശ്വതി, വി.എസ് അഫ്‌സല്‍, വിഷ്ണുപ്രസാദ് രാമചന്ദ്രന്‍, ശരത് ശശികുമാര്‍, കെ.ബി അരുന്ധതി എന്നീ വിദ്യാര്‍ഥികളാണ് കത്ത് തയ്യാറാക്കിയത്.
വിദ്യാര്‍ഥികളുടെ കത്തിന്റെ പൂര്‍ണരൂപം:
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് സഖാവ് വി എസ് അച്യുതാനന്ദന് ജെ.എന്‍.യുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന പൊതു അപേക്ഷ
സഖാവെ,
ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഇവിടെ നടക്കുന്ന സമരത്തിന് പൂര്‍ണപിന്തുണ താങ്കള്‍ പ്രഖ്യാപിച്ചത് ഞങ്ങള്‍ക്ക് ഏറെ ആവേശവും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ തന്നെ സംഘപരിവാര്‍ ശക്തികള്‍ ജനാധിപത്യത്തിനു നേരെ അഴിച്ചുവിടുന്ന അക്രമങ്ങള്‍ മനുഷ്യത്വതഹിതവും സകല മര്യാദകളും ലംഘിക്കുന്നതുമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം ഇക്കൂട്ടര്‍ ഒന്നൊഴിയാതെ ഉന്നം വച്ചിരിക്കുകയാണ്. ഉയര്‍ന്നു വരുന്നതും ഭാവിയിലും ഉണ്ടാകാനിടയുള്ളതുമായ പുരോഗമന ആശയങ്ങളുടെ സാധ്യതകളെ ഉന്മൂലനം ചെയ്യുകവഴി തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജെ.എന്‍.യുവിലെ സംഭവങ്ങള്‍.
ലോകത്തോട് നേരു വിളിച്ചു പറയേണ്ടുന്ന മാധ്യമങ്ങളാകെട്ട മൂലധനവര്‍ഗ്ഗീയഫാസിസ്റ്റ് ശക്തികള്‍ക്ക് അടിമപ്പണി ചെയ്യുന്ന കാഴ്ചയാണിപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ജെ.എന്‍.യു വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും തെളിവുകള്‍ കെട്ടിച്ചമക്കുന്നതും വിചാരണമുതല്‍ വിധിപ്രഖ്യപനം വരെ നടത്തുന്നതും ചില മാധ്യമങ്ങള്‍ സ്വമേധയാ ആണ്.
ഇക്കഴിഞ്ഞ 20ാം തീയതി കേരളത്തിലെ പ്രധാനപ്പെട്ട ദിനപ്പത്രങ്ങളിലൊന്നായ മംഗളം “ജെ.എന്‍.യുവില്‍ നടന്നത് ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ് : ഡി. രാജയുടെ മകള്‍ക്ക് ഐ.എസ്. അനുകൂലിയുമായി ഉറ്റബന്ധം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിമുടി കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവും വര്‍ഗ്ഗീയവിഷം നിറഞ്ഞതുമാണ്. ഇത് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളായ ഞങ്ങളെ ആശങ്കാകുലരാക്കുന്നു. യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ജെ.എന്‍.യുവിലെ ഒരു ഇടത് രാഷ്ട്രീയ പ്രവര്‍ത്തകനെ, മുസ്‌ലിം ആണെന്നതിന്റെ മാത്രം പേരില്‍, ഇസിസ് അനുയായിയെന്ന് ആരോപിക്കുന്നതോടൊപ്പം മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പേര്, തന്റെ മാതാപിതാക്കളുടെ രാഷ്ട്രീയത്തിന്റെ പേരില്‍, ഇതിലേക്ക് വലിച്ചിഴക്കുകയുമാണ് മംഗളം പത്രം ചെയ്യുന്നത്.
ഈ വാര്‍ത്ത വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണ്. ഇതേ വാര്‍ത്തയില്‍ തന്നെ സര്‍വ്വകലാശാലയില്‍ പഠിക്കാനെത്തുന്ന മൂസ്‌ലിം വിദ്യാര്‍ത്ഥികളെ ഒന്നടങ്കം തീവ്രവാദികളെന്ന് മുദ്രകുത്താനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. ഇതെല്ലാം, കാര്യങ്ങള്‍ നേരിട്ടു കാണുകയും അറിയുകയും സത്യം മനസ്സിലാക്കുകയും ചെയ്യുന്ന ഞങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുന്നതാണ്.
കഴിഞ്ഞവര്‍ഷം നവംബറില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ജെ.എന്‍.യുവിനെതിരെ നടത്തിയ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ പരാമര്‍ശത്തിന്റെയും തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെയും അതേ ഭാഷയിലാണ് മംഗളവും വാര്‍ത്ത പടച്ചു വിട്ടിട്ടുള്ളത്. ജെ.എന്‍.യു ക്യാംപസിനെയും ഇവിടത്തെ രാഷ്ട്രീയ അന്തരീക്ഷത്തെയും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ആശയങ്ങളെയും മോശമായി ചിത്രീകരിച്ചു കൊണ്ട് ഈ പത്രം നേരത്തെയും ഇല്ലാക്കഥകള്‍ മെനഞ്ഞു വിട്ടിട്ടുണ്ട്.
പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിലെ ഒരു മാധ്യമം വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി ഇത്തരത്തില്‍ സെന്‍സേഷന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിനെ പ്രീതിപ്പെടുത്താനല്ലാതെ മറ്റെന്തിനുവേണ്ടിയാണ്?
വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജെ.എന്‍.യുവിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അഭിപ്രായമായി അതിനെ അപലപിച്ചുകൊണ്ട് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ മംഗളം പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവിദ്യാഭ്യാസേതര വിഷയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജെ.എന്‍.യുവിനെ കരിവാരിത്തേക്കാനും അതുവഴി തങ്ങളുടെ നുണകളെ നിവര്‍ന്നു നിന്നു ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി ഇല്ലാതാക്കാനും ശ്രമിക്കുന്ന മൂലധനഫാസിസ്റ്റ് ശക്തികളുടെ കുത്സിത ശ്രമത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ നടത്തുന്ന സമരത്തെ പിന്തുണക്കുന്ന ഒരാളെന്ന നിലയില്‍ മംഗളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ഇത്തരമൊരു പ്രസിദ്ധീകരണത്തില്‍ താങ്കള്‍ എഴുതുന്ന കോളം മേലിലും തുടരണമോയെന്നതിനെപ്പറ്റി പുനര്‍വിചിന്തനം നടത്തണമെന്ന് ഞങ്ങള്‍ താങ്കളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി മാധ്യമധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും താക്കീതാകുന്നതാകട്ടെ താങ്കളുടെ നടപടി. നീതിക്കായുള്ള ഞങ്ങളുടെ സമരത്തിന് താങ്കള്‍ എന്നും കൂടെ നില്‍ക്കുമെന്നു തന്നെ ഞങ്ങള്‍ ഓരോരുത്തരും ഉറച്ചു വിശ്വസിക്കുന്നു.
എന്ന്
വിനയത്തോടെ