പ്രൊഫസര്‍ ജി.എന്‍ സായിബാബ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു: മഹാരാഷ്ട്ര പോലീസ്
Daily News
പ്രൊഫസര്‍ ജി.എന്‍ സായിബാബ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു: മഹാരാഷ്ട്ര പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2016, 9:59 am

g.n-saibaba

നാഗപൂര്‍: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രഹസ്യമായി മാവോയിസ്റ്റ് സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ആരോപണവുമായി മഹാരാഷ്ട്രപോലീസ്.  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ നിര്‍ദേശ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് സംഘടനകളില്‍ ചേര്‍ന്നതെന്നും ജെ.എന്‍.യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) അംഗങ്ങളാണ് ഇവരെന്നും ഐ.ജി.പി (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, നാഗപൂര്‍ റേഞ്ച്) രവീന്ദ്ര കദം മെയില്‍ ടുഡേയോട് വ്യക്തമാക്കി.

പോലീസും മാധ്യമങ്ങളും വേട്ടയാടുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ സംഘടനയാണ് ഡി.എസ്.യു

ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനാണെങ്കിലും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ പ്രൊഫസര്‍ പദ്ധതി തയ്യാറാക്കിയതായും പോലീസ് ആരോപിക്കുന്നു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഹേം ശര്‍മയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് സായിബാബയുടെ പേര് പറഞ്ഞതെന്നും ഇയാള്‍ ഡി.എസ്.യു അംഗമാണെന്നും ഐ.ജി.പി പറഞ്ഞു.

ജെ.എന്‍.യുവില്‍ നിന്നും പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ റിതുപന്‍ ഗോസ്വാമി എന്ന വിദ്യാര്‍ത്ഥിയെ സി.പി.ഐ(എം.എല്‍) സംഘടനയിലേക്ക് സായിബാബ റിക്രൂട്ട് ചെയ്‌തെന്നും ഇയാള്‍ ഇപ്പോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളാരെന്ന ചോദ്യത്തിന് പോലീസ് മറപടി നല്‍കുന്നില്ല.

എന്നാല്‍ പോലീസിന്റെ ആരോപണത്തെ പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ഭാര്യ വസന്തകുമാരി തള്ളിക്കളഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ അധ്യാപകനാണ് സായിബാബ അദ്ദേഹം ഒരിക്കലും അവരെ മാവോയിസ്റ്റ് സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടില്ലെന്നും വസന്തകുമാരി പറഞ്ഞു.

ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര പോലീസ് പറഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു കേസിനെ കുറിച്ച് അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും മെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.