| Thursday, 30th April 2020, 9:15 am

പൗരത്വ നിയമ പ്രതിഷേധം; ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ ദല്‍ഹി പൊലീസ് യു.എ.പി.എ കുറ്റം ചുമത്തി. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും പൊലീസ് ചുമത്തിയിരുന്നു.

ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യു.എ.പി.എ. ഷര്‍ജിലിനെ അറസ്റ്റ് ചെയ്ത് 88 ദിവസം കഴിഞ്ഞ് യു.എ.പി.എ ചുമത്തിയതിന് പിന്നില്‍ പൊലീസിന്റെ ദുഷ്ടലാക്കാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

‘ഷര്‍ജിലിനെ തുടര്‍ച്ചയായി ജയിലില്‍ കിടത്താനുള്ള നീക്കമാണിത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും’, അഭിഭാഷകനായ അഹമ്മദ് ഇബ്രാഹിം പറഞ്ഞു.

പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ദല്‍ഹി കലാപത്തിന് ഷര്‍ജിലിന്റെ പ്രസംഗം പ്രേരണയായെന്നാണ് ദല്‍ഹി പൊലീസ് അവകാശപ്പെടുന്നത്.

ജനുവരി 28 നാണ് ഷര്‍ജിലിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പൊലീസും ഷര്‍ജിലിനെതിരെ കേസ്് രജിസ്റ്റര്‍ ചെയ്തിരുന്നു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയായ ഷര്‍ജില്‍ ബിഹാര്‍ സ്വദേശിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more