തിരുവനന്തപുരം: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയിലെ സബര്‍മതി ഹോസ്റ്റലിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് അക്രമിച്ചുവെന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിലാണ് വിദ്യാര്‍ത്ഥി ഗായത്രി ബാലുഷ ഇക്കാര്യം വിശദീകരിച്ചത്.
സര്‍വകലാശാലയില്‍ രണ്ടു ദിവസമായി നടക്കുന്ന സംഘര്‍ഷാവസ്ഥക്കെതിരെ ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമാധാന മാര്‍ച്ചിലേക്കാണ് സംഘം അക്രമിച്ചു കൊണ്ട് എത്തിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
‘ഇന്നലെ രാവിലെ തൊട്ടേ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് എതിരായിട്ട് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുസമാധാന മാര്‍ച്ച് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അവര്‍ കയറി നിരങ്ങുന്നത്.
അതിന്റെ ഏറ്റവും അടുത്തുള്ള ഹോസ്റ്റലാണ് സബര്‍മതി ഹോസ്റ്റല്‍. ആ ഹോസ്റ്റലാണ് തകര്‍ക്കപ്പെട്ട രീതിയില്‍ നിങ്ങള്‍ കണ്ടത്. ആ ഹോസ്റ്റലിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മുറികള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു അവര്‍. എങ്ങനെയാണവര്‍ക്ക് അതില്‍ ഓരോ മുറികളിലും മുസ്‌ലീം കുട്ടികളാണോ അല്ലയോ എന്നറിയുന്നത്. അത്തരം മുറികള്‍ തെരഞ്ഞു പിടിച്ച് അക്രമിക്കുകയാണ് ചെയ്തിട്ടുള്ളത്’ ഗായത്രി ബാലുഷ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യുവിലെയും ദല്‍ഹി സര്‍വകലാശാലയിലെയുമടക്കം എ.ബി.വി.പി പ്രവര്‍ത്തകരും പുറത്തുനിന്നും ആര്‍.എസ്.എസ്-ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും ക്യാംപസിനകത്ത് കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
‘ജെ.എന്‍.യുവിലെ എ.ബി.വി.പിക്കാര്‍, ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പിക്കാര്‍, ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍ തുടങ്ങിയവര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കയറി നിരങ്ങുകയായിരുന്നു അവിടെ. ഞാന്‍ ഇന്നലെ മുഴുവനും എയിംസിലുണ്ടായിരുന്നു. പല കുട്ടികള്‍ക്കും വളരെ വൈകിയാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്താന്‍ സാധിച്ചത്,’ ഗായത്രി പറഞ്ഞു.
ആശുപത്രിയില്‍ എത്തിയ പലരും പൊലീസ് അക്രമണത്തില്‍ പരിക്കേറ്റവരായിരുന്നെന്നും ഗായത്രി പറഞ്ഞു. ജെ.എന്‍.യുവില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ നടത്തിയതെന്നും ഗായത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെ സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ക്രൂരമായി അക്രമിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് എത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷിനും ജനറല്‍ സെക്രട്ടറി സതീഷുമുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.