മലപ്പുറം: ‘അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ്, മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ കൊല്ലപ്പെട്ടയാള്‍ എ.ബി.വി.പി ആക്രമണത്തിന് ശേഷം കാണാതായ ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2020 ഒക്ടോബറില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ വ്യാജ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അണികള്‍.
സംഘപരിവാര്‍ ആക്രമണത്തിന് ശേഷം കാണാതായ നജീബ് അഹമ്മദ് അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇവര്‍ കമന്റുകളില്‍ പറയാന്‍ ശ്രമിക്കുന്നത്.
‘ആ തീവ്രവാദി മരിച്ചു. ഷഹീദ് ആയി, നജീബ് ഹൂറികളുടെ അടുത്തേക്ക് യാത്രയായി, അവന്‍ പൊട്ടി തെറിച്ചു മരിച്ചു, തീവ്രവാദി ചത്തു,’ തുടങ്ങിയവയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ കമന്റിടുന്നത്.
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ് അല്‍ഹിന്ദി പൊന്മളയില്‍നിന്ന് 5 വര്‍ഷം മുന്‍പ് കാണാതായ എം.ടെക് വിദ്യാര്‍ഥിയാണെന്നു സംശയം എന്ന രീതിയില്‍ കഴിഞ്ഞ ദിവസമാണ് വര്‍ത്തകള്‍ വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.