ജെ.എന്‍.യു മാര്‍ച്ചില്‍ പൊലീസ് അക്രമം; മുസ്‌ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നു
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലാത്തി വീശി. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഷ്ട്രപതി ഭവന് മുന്നിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത്. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പൊലീസ് ഗുണ്ടകളോടെന്ന പോലെയാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയതെന്ന് മലയാളി വിദ്യാര്‍ത്ഥിഅമുത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഞങ്ങള്‍ സമാധാനപരമായാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്തത്. ഞങ്ങളെ അടിക്കുകയും തൊഴിക്കുകയും ചെയ്ത പൊലീസുകാരില്‍ പലരും യൂണിഫോമില്‍ പോലും അല്ലായിരുന്നു. അവരെ പൊലീസ് ഗുണ്ട എന്നുതന്നെ പറയണം. ഒരു കുട്ടിയുടെ തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസ് പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്നുണ്ട്. മുസ്‌ലീം പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നുണ്ട്’ അമുത പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് സ്ത്രീകളോട് മോശമായാണ് പെരുമാറിയതെന്നും പെണ്‍കുട്ടികളുടെ വയറിനു ചവിട്ടുന്ന സ്ഥിതിയുണ്ടായെന്നും അമുത പറഞ്ഞു. പ്രധാനമായും പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ മുടി പിടിച്ച് വലിക്കുകയും, പലരെയും തറയിലിട്ട് ഇടിച്ചിരുന്നതായും അമുത പറഞ്ഞു.
അധ്യാപകരും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ശരദ് യാദവ് തുടങ്ങിയവരും ചേര്‍ന്നാണ് മണ്ടി ഹൗസില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പൗരമാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു.
അതിന് ശേഷം ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ മാനവിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ വി.സിയെ മാറ്റാതെ പിറകോട്ടില്ലെന്ന നിലപാടില്‍ രാഷ്ട്രപതി ഭവനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഏതു വിധേനയും രാഷ്ട്രപതി ഭവനിലേക്ക് എത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് ആരംഭിച്ച ഉടന്‍ തന്നെ പൊലീസ് ഇവരെ തടയുകയായിരുന്നു.