| Wednesday, 26th October 2016, 8:57 am

ജെ.എന്‍.യു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പൂര്‍ സ്വദേശിയായ ആര്‍ ഫൈല്‍മെന്‍ ചിരുവിനെയാണ് ബ്രഹ്മപുര ഹോസ്റ്റലിന്റെ 171ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിദുരൂഹസാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. മൂന്നു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

മണിപ്പൂര്‍ സ്വദേശിയായ ആര്‍ ഫൈല്‍മെന്‍ ചിരുവിനെയാണ് ബ്രഹ്മപുര ഹോസ്റ്റലിന്റെ 171ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

“മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ മുറികളിലുള്ള വിദ്യാര്‍ഥികള്‍ മറ്റുവിദ്യാര്‍ഥികളെയും സുരക്ഷാ ജീവനക്കാരെയും വിളിച്ച് മുറി തല്ലിത്തുറക്കുകയായിരുന്നു.” ഒരു മുതിര്‍ന്ന പൊലീസ് ഓഫീസറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മൃതദേഹം എ.ഐ.എം.എസില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം കൂടുതല്‍ അന്വേഷണത്തിനുശേഷമേ പറയാനാവൂവെന്ന് പൊലീസ് അറിയിച്ചു.


Also Read: താടിക്ക് മതവുമായി ബന്ധമില്ലെന്ന് കെ.ടി ജലീല്‍: താടി പ്രവാചകന്റെ തിരുസുന്നത്തെന്ന് കുഞ്ഞാലിക്കുട്ടി


മൃതശരീരം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അഴുകിയിരുന്നെന്ന് ഹോസ്റ്റലില്‍ മുറിയിലുള്ള അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. വസന്ത് കുഞ്ച് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഒക്ടോബര്‍ 15ന് ജെ.എന്‍.യുവില്‍ നിന്നും കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനു പിന്നാലെയാണ് നജീബിനെ കാണാതായത്.

നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെയും മുതിര്‍ന്ന യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരെയും ഉപരോധിച്ചിരുന്നു. നജീബിനെ കണ്ടെത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ഉപരോധം.

അതിനിടെ നജീബിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more