| Wednesday, 22nd September 2021, 5:35 pm

സംഘി അഡ്മിനിസ്‌ട്രേഷന്റെ പ്രേമ ലേഖനം; ഫാക്കല്‍റ്റിയോട് തര്‍ക്കിച്ച് രക്തസമ്മര്‍ദ്ദം കൂട്ടിയെന്നാരോപിച്ച് ആറായിരം രൂപ പിഴയിട്ട ജെ.എന്‍.യു അധികൃതര്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫാക്കല്‍റ്റിയോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രക്തസമ്മര്‍ദ്ദം കൂട്ടിയെന്നാരോപിച്ച് 6000 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ട ജെ.എന്‍.യു അധികൃതര്‍ക്കെതിരെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ ജോയിന്‍ സെക്രട്ടറിയുമായ അമുത ജയദീപ്.

മഹാമാരിക്കാലത്ത് സംഘി അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള പ്രേമ ലേഖനം എന്നുപറഞ്ഞുകൊണ്ട് അമുത തനിക്ക് ജെ.എന്‍.യു അധികൃതര്‍ നല്‍കിയ ഓഫീസ് ഓര്ഡര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

2019 മാര്‍ച്ച് 14ാം തീയതി അമുത ക്ലാസ് തടസപ്പെടുത്തിയെന്നും ഫാക്കല്‍റ്റിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇത് ഫാക്കല്‍റ്റിയുടെ രക്തസമ്മര്‍ദ്ദം കൂട്ടാന്‍ കാരണമായെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ പറയുന്നു.

6000 രൂപ പിഴ 10 ദിവസത്തിനുള്ളില്‍ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 16നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, മറ്റേതെങ്കിലും ദിവസം ക്ലാസ് നടത്താന്‍ പ്രൊഫസറോട് അഭ്യര്‍ത്ഥിക്കുന്നത് ആരുടെയെങ്കിലും ബി.പി ഉയര്‍ത്താം എന്നത് ഒരു പുതിയ വിവരമാണെന്ന് അമുത പറഞ്ഞു.

എം.എ/ബി.എയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചില പ്രശനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു എ.സി മീറ്റിംഗ് ഉണ്ടായിരുന്നതിനാല്‍ ക്ലാസ് മാറ്റിവയ്ക്കാന്‍ പ്രൊഫസറോട് അഭ്യര്‍ത്ഥിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഭയപ്പെട്ടുവെന്ന് താന്‍ നന്നായി ഓര്‍ക്കുന്നുവെന്നും സമരത്തിന്റെ ഭാഗമാകേണ്ടത് അത്യാവശ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യമുണ്ടായിരുന്നെന്നും ഒരു യൂണിയന്‍ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്കുവേണ്ടി അവരുടെ ഉത്കണ്ഠ പ്രൊഫസര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അമുത പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് അത്തരമൊരു നിഗമനം ഉണ്ടായതെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താന്‍ ചെയ്തുവെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നും പ്രോക്ടര്‍ നല്‍കിയിട്ടില്ലെന്നും അമുത പറഞ്ഞു.

വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള സംഘി ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ ഒരു അന്വേഷണമായി മാത്രമേ ഈ എപ്പിസോഡിനെ കാണാന്‍ കഴിയൂവെന്നും അമുത പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  JNU student Amutha Jayadeep against JNU administration

We use cookies to give you the best possible experience. Learn more