| Wednesday, 20th November 2019, 12:34 pm

വാട്സാപ്പ് യൂണിവേഴ്സിറ്റി ജെ.എന്‍.യുവിനെ കൊല്ലുമ്പോള്‍

അതുല്‍.പി

കഴിഞ്ഞദിവസം ജെ.എന്‍.യു സമരം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വേണ്ടി ട്വിറ്ററിലും മറ്റും സെര്‍ച്ച് ചെയ്ത ഒരു സുഹൃത്ത് എത്തിച്ചേര്‍ന്നത് പ്രത്യക്ഷത്തില്‍ ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരുപാട് പ്രതികരണങ്ങളിലേക്കാണ്. ജെ.എന്‍.യുവില്‍ പഠിക്കുന്നവര്‍ രാജ്യദ്രോഹികളാണ്, ലൈംഗിക അരാജകത്വം പുലര്‍ത്തുന്നവരാണ്, മിക്കവരും 40-50 വയസ്സായവരാണ്, അവര്‍ പഠിക്കാന്‍ വേണ്ടി വരുന്നവരൊന്നുമല്ല എന്നെല്ലാം തുടങ്ങി വളരെ വ്യാപകമായ രീതിയില്‍ ആളുകള്‍ പ്രതികരിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ വസ്തുത മാത്രമല്ല വിഷയം. വ്യാപകമായ നിലയില്‍ ഇത്തരമൊരു മനോഭാവമുണ്ടാക്കിയെടുക്കാന്‍ വേണ്ടി ആസൂത്രിതവും സംഘടിതവുമായി പ്രവര്‍ത്തിക്കുന്നതിന് പിറകിലുള്ള കാരണമാണ് നാം വിശകലനം ചെയ്യേണ്ടത്.

ചിന്തിക്കുന്ന തലച്ചോറുകളെ അവര്‍ക്കു ഭയമാണ് എന്ന മട്ടിലുള്ള കാല്‍പ്പനികമായ വിശദീകരണങ്ങളല്ല. ഇത്തരമൊരു വ്യവഹാരം ഉണ്ടാക്കിക്കൊണ്ടുവരുന്നതിന്റെ പിന്നിലെ താല്‍പ്പര്യമാണ് വെളിപ്പെടേണ്ട കാര്യം.

അതിനു സഹായകരമായ ചില കാര്യങ്ങള്‍ വിശദീകരിക്കാം:

ആദ്യം അല്‍പ്പം ചരിത്രം പറയാം. രണ്ടായിരത്തില്‍, നിലവിലുള്ള ഭരണകക്ഷിയുടെ വാജ്‌പേയ് കാലത്തു വിദ്യാഭ്യാസ മേഖലയിലേക്കുള്ള നയരൂപീകരണത്തിന് വേണ്ടി ഒരു കമ്മീഷനെ നിയോഗിച്ചു, ബിര്‍ള-അംബാനി കമ്മീഷന്‍ (ബിര്‍ളയും മുകേഷ് അംബാനിയും തന്നെ). അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടവയാണ്.

സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഉന്നതവിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളില്‍നിന്നും പിന്മാറുക, ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുക, വിദ്യാഭ്യാസ സംബന്ധിയായ ചെലവുകളുടെ വലിയ അനുപാതം കുട്ടികളില്‍ നിന്നും ഫീസായി സമാഹരിക്കുക, ഏറ്റവും പ്രധാനമായി ഉന്നതവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുക, കച്ചവടവത്കരിക്കുക, കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലതാക്കിക്കൊണ്ടേ പൂര്‍ണമായി അവയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവൂ എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട് .

ഇനി വര്‍ത്തമാനകാലത്തെ (2014നു ശേഷമുള്ള) ചില കണക്കുകള്‍ പറയാം. ഓള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ 2016-17-ല്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് 2014-നു ശേഷം ഉന്നതവിദ്യാഭ്യാസത്തിലേക്ക് എന്റോള്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന്റെ വളര്‍ച്ചയില്‍ കുറവ് കാണുന്നുണ്ട് എന്നാണ്. 2013-ല്‍ RUSA എന്ന പേരില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുമുള്ള ആസൂത്രണത്തിനു വേണ്ടി ഒരു ഗവണ്മെന്റ് ബോഡി യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017-ലെ ആ സ്ഥാപനത്തിനുള്ള ബജറ്റ് വിഹിതം 1700 കോടിയില്‍ നിന്നും 200 കോടിയാക്കി നിലവിലെ സര്‍ക്കാര്‍ കുറച്ചു. HEFA എന്ന കോര്‍പറേറ്റ് സ്വകാര്യ നിക്ഷേപം കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥാപനത്തിന്റെ ബജറ്റ് വിഹിതം 250 കോടിയില്‍ നിന്നും 2,750 കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

2018-19 ബജറ്റ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ക്കുള്ള വിഹിതം 800 കോടിയോളവും ഐ.ഐ.ടികള്‍ക്കുള്ള വിഹിതം 900 കോടിയോളവും കുറച്ചു. കേന്ദ്ര സര്‍വകലാശാലകളില്‍ 30 ശതമാനവും തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുന്നു.

സമാന്തരമായി കെട്ടിടം പോലുമായിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് (ആ പഴയ റിപ്പോര്‍ട്ട് തയ്യാറാക്കിയ മുകേഷ് അംബാനിയുടെ) ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി സര്‍ക്കാര്‍ പരിഗണിക്കുന്നു. സൂര്യനു താഴെ എന്തിനെയും കുറിച്ച് സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ ആത്മീയ ഗുരുക്കന്മാര്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.

ചുറ്റും നടക്കുന്നതെല്ലാം സമാധാനപൂര്‍വം കാണേണ്ട കാര്യങ്ങളാണെന്നും, അകത്താണ് എന്‍ജിനീയറിങ് നടത്തേണ്ടതെന്നും രാഷ്ട്രീയ വിമര്‍ശനം വൈകാരിക പ്രശ്നങ്ങളുള്ളവരുടെ ലക്ഷണമാണെന്നും ഘടനാപാരമായി നിലനില്‍ക്കുന്ന എല്ലാ അസമത്വങ്ങളും യുക്തിപരമാണ് എന്നും സ്ഥാപിച്ചുകൊണ്ട് അവര്‍ ആത്മീയതയുടെ വൊക്കാബുലറി കൊണ്ട് സര്‍ക്കാരിന്റെ വക്കാലത്തുമായി ഇന്ത്യന്‍ യുവത്വത്തോട് ഏറ്റവും പുതിയ സങ്കേതങ്ങളിലൂടെ സംവദിക്കുന്നു.

ദേശീയതയും ലൈംഗീക സദാചാരവുമെല്ലാം സംബന്ധിച്ച വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ ഇന്ത്യന്‍ കാമ്പസുകളെക്കുറിച്ച് ആസൂത്രിതമായി നടക്കുന്നത് ഇതേ കാലയളവിലാണ്. ഇന്ത്യയുടെ ദേശീയത കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട ഒന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊണ്ട് എല്ലാ കാലത്തും ബ്രിട്ടീഷ് പക്ഷത്തുനിന്ന, ദേശീയ പതാകയും ദേശീയ ഗാനവും പോലെ ദേശത്തിന്റെ എല്ലാ പ്രതീകങ്ങളോടും ഈ അടുത്ത കാലം വരെ വിരോധം പ്രകടിപ്പിച്ചവര്‍ ഇന്ത്യയിലെ കോളേജ് വിദ്യാര്‍ഥികളുടെ ദേശീയതാബോധത്തിന്റെ സ്വയം പ്രഖ്യാപിത വിധികര്‍ത്താക്കളായി.

2016-ലെ ജെ.എന്‍.യു സംബന്ധിക്കുന്ന വിവാദങ്ങള്‍ വന്നതിനു പിറകെ സംബന്ധിച്ച ചില മാറ്റങ്ങള്‍ ഇന്നു കാണുന്ന ഈ വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. സീറ്റുകളുടെ എണ്ണവും ലൈബ്രറിക്കനുവദിച്ചിരുന്ന പണവും വ്യാപകമായി സര്‍ക്കാര്‍ കുറച്ചിരുന്നു. പക്ഷേ, ജെ.എന്‍.യുവിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ അജണ്ട ആ മാറ്റങ്ങള്‍ക്കു മുന്‍പേ ദൃശ്യമാധ്യമങ്ങള്‍ വഴിയും വാട്സാപ്പ് വഴിയുമെല്ലാം മുന്‍പേ നിശ്ചയിക്കപ്പെട്ടിരുന്നു.

ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് പാക്കിസ്ഥാനില്‍ പോയിവന്ന വിവരങ്ങള്‍ പങ്കുവെച്ചു രാജ്യദ്രോഹം സ്ഥാപിച്ച മാധ്യമങ്ങളുണ്ട്. അയാള്‍ക്ക് ഒരു പാസ്പോര്‍ട്ട് പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ജെ.എന്‍.യുവിനകത്തു നടക്കുന്ന കാര്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കപ്പെടുന്ന ചിത്രങ്ങള്‍ കേരളത്തിനകത്തു നടന്ന ചുംബന സമരത്തിന്റേതാണ്.

ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളിലൊന്നായ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ സവര്‍ക്കറിന്റെ പ്രതിമ ഭഗത് സിങ്ങിനും സുഭാഷ് ചന്ദ്രബോസിനും ഒപ്പം സ്ഥാപിച്ചു കൊണ്ട് ചരിത്രവിരുദ്ധത കലര്‍ന്ന ദേശീയത യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്‍പേ ചര്‍ച്ചയാക്കി. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചണ്ഡമായ രീതിയില്‍ പ്രചരിപ്പിച്ച് ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച നമ്മുടെ ചര്‍ച്ചകളുടെ അജണ്ടകളെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നു സുരക്ഷിതമായി അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

നമ്മളാവട്ടെ സദാചാരവും ദേശീയതയും പോലുള്ള സങ്കല്‍പ്പങ്ങളെ പ്രശ്നവല്‍ക്കരിച്ച് നിശ്ചയിക്കപ്പെട്ട കളത്തിനകത്തു നിന്നും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു പോരുകയും ചെയ്തു.

ഒരു നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാവുമെന്നു പറഞ്ഞത് ഫാസിസത്തിന്റെ പ്രവാചകന്‍ ഗീബല്‍സ് ആയിരുന്നു. അദ്ദേഹമൊന്നുകൂടി പറഞ്ഞിരുന്നു, ഫാസിസമെന്നാല്‍ ഭരണകൂടവും കോര്‍പ്പറേറ്ററുകളും തമ്മിലുള്ള സമ്പൂര്‍ണമായ കൂടിച്ചേരലാണ് എന്ന്. ജെ.എന്‍.യു സമരത്തെയും ഉന്നത വിദ്യാഭ്യാസത്തിനകത്തെ ബി.ജെ.പി അജണ്ടയെയുമെല്ലാം ആ പശ്ചാത്തലത്തില്‍കൂടി വിശകലനം ചെയ്തില്ലെങ്കില്‍ കാട് കാണാതെ മരത്തെപ്പറ്റിയുള്ള ചര്‍ച്ചയായി അതു മാറും.

WATCH THIS VIDEO:

അതുല്‍.പി

ദല്‍ഹി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി

We use cookies to give you the best possible experience. Learn more