കഴിഞ്ഞദിവസം ജെ.എന്‍.യു സമരം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വേണ്ടി ട്വിറ്ററിലും മറ്റും സെര്‍ച്ച് ചെയ്ത ഒരു സുഹൃത്ത് എത്തിച്ചേര്‍ന്നത് പ്രത്യക്ഷത്തില്‍ ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരുപാട് പ്രതികരണങ്ങളിലേക്കാണ്. ജെ.എന്‍.യുവില്‍ പഠിക്കുന്നവര്‍ രാജ്യദ്രോഹികളാണ്, ലൈംഗിക അരാജകത്വം പുലര്‍ത്തുന്നവരാണ്, മിക്കവരും 40-50 വയസ്സായവരാണ്, അവര്‍ പഠിക്കാന്‍ വേണ്ടി വരുന്നവരൊന്നുമല്ല എന്നെല്ലാം തുടങ്ങി വളരെ വ്യാപകമായ രീതിയില്‍ ആളുകള്‍ പ്രതികരിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ വസ്തുത മാത്രമല്ല വിഷയം. വ്യാപകമായ നിലയില്‍ ഇത്തരമൊരു മനോഭാവമുണ്ടാക്കിയെടുക്കാന്‍ വേണ്ടി ആസൂത്രിതവും സംഘടിതവുമായി പ്രവര്‍ത്തിക്കുന്നതിന് പിറകിലുള്ള കാരണമാണ് നാം വിശകലനം ചെയ്യേണ്ടത്.
ചിന്തിക്കുന്ന തലച്ചോറുകളെ അവര്‍ക്കു ഭയമാണ് എന്ന മട്ടിലുള്ള കാല്‍പ്പനികമായ വിശദീകരണങ്ങളല്ല. ഇത്തരമൊരു വ്യവഹാരം ഉണ്ടാക്കിക്കൊണ്ടുവരുന്നതിന്റെ പിന്നിലെ താല്‍പ്പര്യമാണ് വെളിപ്പെടേണ്ട കാര്യം.
അതിനു സഹായകരമായ ചില കാര്യങ്ങള്‍ വിശദീകരിക്കാം:
ആദ്യം അല്‍പ്പം ചരിത്രം പറയാം. രണ്ടായിരത്തില്‍, നിലവിലുള്ള ഭരണകക്ഷിയുടെ വാജ്‌പേയ് കാലത്തു വിദ്യാഭ്യാസ മേഖലയിലേക്കുള്ള നയരൂപീകരണത്തിന് വേണ്ടി ഒരു കമ്മീഷനെ നിയോഗിച്ചു, ബിര്‍ള-അംബാനി കമ്മീഷന്‍ (ബിര്‍ളയും മുകേഷ് അംബാനിയും തന്നെ). അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടവയാണ്.
സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഉന്നതവിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളില്‍നിന്നും പിന്മാറുക, ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുക, വിദ്യാഭ്യാസ സംബന്ധിയായ ചെലവുകളുടെ വലിയ അനുപാതം കുട്ടികളില്‍ നിന്നും ഫീസായി സമാഹരിക്കുക, ഏറ്റവും പ്രധാനമായി ഉന്നതവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുക, കച്ചവടവത്കരിക്കുക, കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലതാക്കിക്കൊണ്ടേ പൂര്‍ണമായി അവയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവൂ എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട് .
ഇനി വര്‍ത്തമാനകാലത്തെ (2014നു ശേഷമുള്ള) ചില കണക്കുകള്‍ പറയാം. ഓള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ 2016-17-ല്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് 2014-നു ശേഷം ഉന്നതവിദ്യാഭ്യാസത്തിലേക്ക് എന്റോള്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന്റെ വളര്‍ച്ചയില്‍ കുറവ് കാണുന്നുണ്ട് എന്നാണ്. 2013-ല്‍ RUSA എന്ന പേരില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുമുള്ള ആസൂത്രണത്തിനു വേണ്ടി ഒരു ഗവണ്മെന്റ് ബോഡി യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2017-ലെ ആ സ്ഥാപനത്തിനുള്ള ബജറ്റ് വിഹിതം 1700 കോടിയില്‍ നിന്നും 200 കോടിയാക്കി നിലവിലെ സര്‍ക്കാര്‍ കുറച്ചു. HEFA എന്ന കോര്‍പറേറ്റ് സ്വകാര്യ നിക്ഷേപം കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥാപനത്തിന്റെ ബജറ്റ് വിഹിതം 250 കോടിയില്‍ നിന്നും 2,750 കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.
2018-19 ബജറ്റ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ക്കുള്ള വിഹിതം 800 കോടിയോളവും ഐ.ഐ.ടികള്‍ക്കുള്ള വിഹിതം 900 കോടിയോളവും കുറച്ചു. കേന്ദ്ര സര്‍വകലാശാലകളില്‍ 30 ശതമാനവും തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുന്നു.
സമാന്തരമായി കെട്ടിടം പോലുമായിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് (ആ പഴയ റിപ്പോര്‍ട്ട് തയ്യാറാക്കിയ മുകേഷ് അംബാനിയുടെ) ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി സര്‍ക്കാര്‍ പരിഗണിക്കുന്നു. സൂര്യനു താഴെ എന്തിനെയും കുറിച്ച് സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ ആത്മീയ ഗുരുക്കന്മാര്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.